എല്ലാ കള്ളൻമാരുടേയും പേരിൽ എന്തുകൊണ്ട് ‘മോദി’; പരിഹാസവുമായി രാഹുൽ ​ഗാന്ധി


ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. എല്ലാ കള്ളൻമാരുടേയും പേരിൽ ‘മോദി’ എന്നുണ്ടെന്ന് മോദിയെ പരിഹസിച്ച് രാഹുൽ പറഞ്ഞു. ശനിയാഴ്ച കർണാടക​യിലെ കോലാറിൽ വച്ച് നടന്ന തെരഞ്ഞടുപ്പ് റാലിയിൽ സംസാരിക്കുക​യായിരുന്നു അദ്ദേഹം.

‘എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്. നീരവ് മോദി, ലളിത് മോദി അല്ലെങ്കിൽ നരേന്ദ്ര മോദി, എന്തുകൊണ്ടാണ് എല്ലാ കള്ളൻമാരുടേയും പേരിൽ ‘മോദി’ എന്നുള്ളത്. ഇനിയും എത്ര മോദിമാർ വരുമെന്ന് നമുക്കറിയില്ല’, ​രാഹുൽ ​ഗാന്ധി പറഞ്ഞു. ബാങ്കിൽനിന്ന് കോടികൾ വായ്പ എടുത്ത് തിരിച്ചടയ്ക്കാത്ത അനിൽ അംബാനി, നീരവ് മോദി എന്നിവരെ പോലുള്ള ബിസിനസുകാർക്കെതിരേ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. എന്നാൽ വായ്പ എടുത്ത് തിരിച്ചടയ്ക്കാൻ കഴിയാത്ത കർഷകരെ ജയിലിലടയ്ക്കും. അനിൽ അംബാനിയുടെ പണം രാജ്യത്തെ പാവപ്പെട്ടവർ‌ക്ക് വിതരണം ചെയ്യണമെന്നും രാഹുല്‍ പറഞ്ഞു.

പാവപ്പെട്ടവർ, കച്ചവടക്കാർ, കർഷകർ, വ്യാപാരികൾ എന്നിവരുടെ കയ്യിൽനിന്ന് മോദി പണം മോഷ്ടിക്കുകയാണ്. എന്നിട്ട് ആ പണം രാജ്യത്ത് നിന്നും കടന്ന് കളഞ്ഞ നീരവ് മോദി, ലളിത് മോദി, മെഹുൽ ചോക്സി, വിജയ് മല്ല്യ എന്നിവർക്ക് നൽകും. കോൺ​ഗ്രസ് ന്യായ് പദ്ധതി പ്രഖ്യാപിച്ചപ്പോൾ ചൗക്കിദാറിന്റെ മുഖം മാറി. ന്യായ് പദ്ധതി നടപ്പിലാക്കാൻ പണം എവിടുന്ന് ലഭിക്കുമെന്ന് മോ‍‍ദി ചോദിച്ചു. എന്നാൽ പറയട്ടെ മോദിജി, ന്യായ് പദ്ധതി നടപ്പിലാക്കാനുള്ള പണം താങ്കളുടെ സുഹൃത്ത് അനിൽ അംബാനി തരുമെന്നും രാഹുൽ ​ഗാന്ധി കൂട്ടിച്ചേർത്തു.

കോൺ​ഗ്രസ് അധികാരത്തിൽ വരുകയാണെങ്കിൽ അഞ്ച് വർഷത്തെക്കായി പാവപ്പെട്ട സ്ത്രീകളുടെ പേരിൽ 3.60 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിക്കുമെന്ന് രാഹുൽ ​ഗാന്ധി വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ മോദി സർക്കാർ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും 2014-ലെ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് കൊടുത്ത വാക്കുകളൊന്നും മോദി പാലിച്ചില്ലെന്നും രാഹുൽ ​ഗാന്ധി ആരോപിച്ചു. ഓരോ പൗരന്റേയും ബാങ്ക് അകൗണ്ടുകളിൽ 15 ലക്ഷം രൂപ നിക്ഷേപിക്കമെന്നായിരുന്നു മോദിയുടെ വാ​ഗ്ദാനം. ‌‌

ഇതുകൂടാതെ, രാജ്യത്തെ യുവാക്കൾക്ക് വർഷത്തിൽ രണ്ട് ലക്ഷം തൊഴിലവസരങ്ങൾ ഒരുക്കുമെന്ന മോദിയുടെ വാ​ഗ്ദാനത്തെയും രാഹുൽ രൂക്ഷമായി വിമർശിച്ചു. രണ്ട് കോടി തൊഴിലവസരങ്ങളുണ്ടോ? തൊഴില്‍രഹിതയാവർക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നതിനെക്കുറിച്ച് ബിജെപിയുടെ പ്രകടനപത്രികയിൽ ഒന്നും ചർച്ച ചെയ്തിട്ടുമില്ലെന്നും രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി.

You must be logged in to post a comment Login