എല്ലാ പിഎസ്‌സി പരീക്ഷകളും മലയാളത്തിൽ; പ്രായോഗിക വശം പഠിക്കാൻ സമിതി

kerala psc

എല്ലാ പിഎസ്‌സി പരീക്ഷകളും മലയാളത്തിൽ നടത്താൻ തയ്യാറാണെന്ന് പിഎസ്‌സി ചെയർമാൻ എം കെ സക്കീർ. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ അധ്യാപകരുടേയും വിദഗ്ധരുടേയും യോഗം വിളിക്കുമെന്ന് ചെയർമാൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സക്കീർ.

പരീക്ഷകൾ മലയാളത്തിൽ നടത്താൻ പിഎസ്‌സിയും സർക്കാരും തയ്യാറാണെന്നായിരുന്നു ചെയർമാൻ വ്യക്തമാക്കിയത്. ഇത് നടപ്പിലാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഇംഗ്ലീഷിലെ അതേ നൈപുണ്യത്തിൽ മലയാളത്തിലും ചോദ്യം തയാറാക്കേണ്ടത് കോളേജ് അധ്യാപകരാണ്. അധ്യാപകരുടേയും വിദഗ്ധരുടേയും യോഗം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പഠനം നടത്തുന്നതിന് പ്രത്യേക സമിതിയെ നിയോഗിക്കാനും തീരുമാനമായതായി പിഎസ്‌സി ചെയർമാൻ വ്യക്തമാക്കി.

പിഎസ്‌സി പരീക്ഷകൾ മലയാളത്തിൽ നടത്തണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പട്ടത്തെ പിഎസ്‌സി ആസ്ഥാനത്തിന് മുന്നിൽ നിരാഹാര സമരം നടത്തിവരികയാണ്. സമരം പതിനെട്ട് ദിവസം പിന്നിട്ടു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, സുഗതകുമാരി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. സംസ്ഥാന സർക്കാർ ഭാഷാ നയം നടപ്പിലാക്കിയിട്ടും പിഎസ്‌സി മലയാളത്തിൽ ചോദ്യം ചോദിക്കുന്നത് പൊലീസ് കോൺസ്റ്റബിൾ, എക്‌സൈസ് ഗാർഡ്, എൽഡിസി പരീക്ഷകൾക്ക് മാത്രമാണ്.

You must be logged in to post a comment Login