എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്, പ്രതിപക്ഷ പാര്‍ട്ടികള്‍ സഹകരിക്കണമെന്ന് പ്രധാനമന്ത്രി

modi

ന്യൂഡല്‍ഹി: നോട്ട് നിരോധം ഉള്‍പ്പെടെ എല്ലാ വിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ സഹകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ പാര്‍ട്ടികളും ഒന്നിച്ച് നിന്നാല്‍ അതിന്റെ ഗുണം ലഭിക്കുക രാജ്യത്തിനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ ചേര്‍ന്ന യോഗശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്ത് 500, 1000 നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി രാഷ്ട്രീയ വിഷയമാക്കി സര്‍ക്കാരിനെതിരെ പാര്‍ലമെന്റിലും പുറത്തും പ്രക്ഷോഭത്തിന് ഒരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷം. ഈ സാഹചര്യത്തിലാണ് മോദിയുടെ പ്രതികരണം. പ്രതിപക്ഷ പാര്‍ട്ടികളുമായി ആശയവിനിമയം നടത്തിവരുകയാണെന്ന് മോദി പറഞ്ഞു.

എല്ലാ പാര്‍ട്ടികളുടേയും പിന്തുണയോടെയാണ് ജിഎസ്ടി പാസാക്കിയത്. പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തിലും അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് പ്രധാനമന്ത്രി പറഞ്ഞു.

നോട്ട് നിരോധനത്തില്‍ സ്വന്തം മുന്നണിയില്‍ നിന്നുള്‍പ്പെടെയുള്ള പ്രതിഷേധമാണ് മോദി നേരിടുന്നത്. നോട്ട് നിരോധം സാമ്പത്തിക അരാജകത്വമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി.

You must be logged in to post a comment Login