എഴുപതോളം കേരളനേതാക്കള്‍ ഡല്‍ഹിയില്‍; രാഹുലുമായി രണ്ടു ദിവസം നീളുന്ന ചര്‍ച്ചകള്‍; നേതൃമാറ്റം അജണ്ടയിലില്ല

rahulന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള എഴുപതോളം കേണ്‍ഗ്രസ് നേതാക്കള് ഡല്‍ഹിയിലെത്തി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് എല്ലാവരെയും ഡല്‍ഹിക്കു വിളിപ്പിച്ചത്. കെ.പി.സി.സി പുനഃസംഘടന,സംഘടനാപ്രശ്‌നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാനാണ് രണ്ടുദിവസം നീളുന്ന യോഗം. പാര്‍ട്ടിയുടെ പ്രതിഛായ മെച്ചപ്പെടുത്തല്‍, നേതാക്കളുടെ ശൈലീമാറ്റം, ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കല്‍ എന്നിവയായിരിക്കും ഇന്നും നാളെയുമായി നടക്കുന്ന ചര്‍ച്ചകളുടെ പ്രധാന അജണ്ട.

സംസ്ഥാന പാര്‍ട്ടിയില്‍ നേതൃമാറ്റം വേണമെന്ന ആവശ്യമാണ് എ, ഐ ഗ്രൂപ്പുകള്‍ മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ നേതൃമാറ്റം അജണ്ടയില്ലെന്നാണ് സൂചന. കെ.പി.സി.സി വൈസ് പ്രസിഡന്റുമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍, മുന്‍ ഗവര്‍ണര്‍മാര്‍ തുടങ്ങി സംസ്ഥാനത്തെ 70 ഓളം നേതാക്കളെയാണു രാഹുല്‍ഗാന്ധി വിളിപ്പിച്ചത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരെയും ഡി.സി.സി പ്രസിഡന്റുമാരെയും നാളെ രാഹുല്‍ഗാന്ധി പ്രത്യേകം കാണുന്നുണ്ട്.

കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയ നേതാക്കള്‍ ഇന്നലെത്തന്നെ ഡല്‍ഹിയിലെത്തിയിരുന്നു.  മുതിര്‍ന്ന നേതാവ് എ.കെ ആന്‍ണിയുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
യോഗത്തില്‍ നേതാക്കളുടെ അഭിപ്രായം ക്രോഡീകരിച്ചശേഷം എ.കെ ആന്റണിയുടെ കൂടി അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ഗാന്ധി പിന്നീട് പ്രത്യേക മാര്‍ഗനിര്‍ദേശം നല്‍കും. സെപ്തംബറില്‍ പാര്‍ട്ടി അധ്യക്ഷ പദവിയിലേക്ക് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണു കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായ കേരളത്തിലെ സംഘടനാ സംവിധാനം മെച്ചപ്പെടുത്താന്‍ രാഹുല്‍ഗാന്ധി നേരിട്ട് ഇടപെടുന്നത്.

You must be logged in to post a comment Login