എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ ഇത്തവണ നാലര ലക്ഷം കുട്ടികള്‍; മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. 4,55,906 കുട്ടികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍ 12 വരെയും 17 മുതല്‍ 21 വരെയും നടക്കും. ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തുന്നത് മലപ്പുറം എടരിക്കോട് പി.കെ.എം. സ്‌കൂളാണ്. 2233 പേര്‍.

ഇപ്രാവശ്യം എസ്.എസ്.എല്‍.സി. പരീക്ഷ നടക്കുന്ന ദിവസങ്ങളില്‍ പ്രൈമറിക്ലാസുകള്‍ മുടങ്ങില്ല. ഗുണമേന്മാപരിശോധനാ സമിതിയുടേതാണ് തീരുമാനം. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടുത്തവര്‍ഷംമുതല്‍ പൂട്ടും. സംസ്ഥാന സര്‍ക്കാര്‍ എന്‍.ഒ.സി. നല്‍കിയിട്ടില്ലാത്ത ഇത്തരം സ്‌കൂളുകളില്‍നിന്ന് കുട്ടികളെ സമീപ സ്‌കൂളുകളിലേക്ക് മാറ്റണം. 1650 സ്‌കൂളുകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളുടെ ആസ്തി കണക്കാക്കും. ആവശ്യത്തില്‍ക്കൂടുതല്‍ സ്ഥലം ഉണ്ടെന്നുകാണിച്ച് പല മാനേജ്‌മെന്റും എയ്ഡഡ് സ്‌കൂളിന്റെ സ്ഥലം വില്‍ക്കാന്‍ ശ്രമിക്കുന്നത് തടയാനാണ് ഈ നടപടി. എയ്ഡഡ് സ്‌കൂളുകളില്‍ അണ്‍ എയ്ഡഡ് ബാച്ചുകളും അനുവദിക്കില്ല. ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സമിതി സര്‍ക്കാരിനോട് ശുപാര്‍ശചെയ്തു.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ പിന്നാക്കംനില്‍ക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി ശ്രദ്ധയെന്നപേരില്‍ പദ്ധതി നടപ്പാക്കും. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികളുടെ നിലവാരമാണ് ഈ പദ്ധതിയിലൂടെ ഉയര്‍ത്തുക. പദ്ധതിയുടെ വിശദാംശങ്ങള്‍ തയ്യാറാക്കാന്‍ നാലംഗ ഉപസമിതിയെ ചുമതലപ്പെടുത്തി. അധ്യാപകരുടെ ക്ലസ്റ്റര്‍ പരിശീലനം ഏപ്രില്‍ 25 മുതല്‍ മേയ് 12 വരെ മൂന്നുഘട്ടമായി നടക്കും. ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് അഞ്ചും പ്രൈമറിക്കാര്‍ക്ക് എട്ടും ദിവസമാണ് പരിശീലനം. മൂന്നുദിവസം ഐ.ടി. പരിശീലനവുമുണ്ട്. മാര്‍ച്ച് 24നും ക്ലസ്റ്റര്‍ പരിശീലനമുണ്ട്.

ഡി.പി.ഐ. കെ.വി. മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.സി. ഹരികൃഷ്ണന്‍, എ. ഹരിഗോവിന്ദന്‍, എം. സലാഹുദ്ദീന്‍, ഒ.കെ. ജയകൃഷ്ണന്‍, ജെയിംസ് കുര്യന്‍, അബ്ദുള്‍ അസീസ്, എം.എ. എബ്രഹാം, എ.വി. ഇന്ദുലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You must be logged in to post a comment Login