എസ്എസ്എല്‍സി പരീക്ഷാഫലം നാളെ

sslc1തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ഇത്തവണ വിദ്യാഭ്യാസ മന്ത്രിക്ക് പകരം പൊതുവിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറിയാവും ഫലപ്രഖ്യാപനം നടത്തുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതാണ് ഇതിന് കാരണം. കഴിഞ്ഞ വര്‍ഷത്തെ ഫലപ്രഖ്യാപനത്തില്‍ ഗുരുതരമായ പിഴവുകള്‍ സംഭവിച്ചതിനാല്‍ ഇത്തവണ വളരെ കരുതലോടെയുള്ള നടപടിക്രമങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്.

ഫലപ്രഖ്യാപനത്തിന് മുന്നോടിയായി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ പരീക്ഷാഫലത്തിന് ഔദ്യോഗിക അംഗീകാരം നല്‍കി. കഴിഞ്ഞ വര്‍ഷം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി അഞ്ച് മാര്‍ക്ക് വീതം നല്‍കിയത് വിജയശതമാനം ഉയരുന്നതിന് ഇടയാക്കി. ഇത് ആക്ഷേപങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിനാല്‍ ഇത്തവണ ഇത് ഒഴിവാക്കും.

വിദ്യാഭ്യാസ വകുപ്പിനാകെ നാണക്കേടായി മാറിയ സംഭവമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലപ്രഖ്യാപനം. ചരിത്രത്തില്‍ ആദ്യമായി രണ്ടുതവണ ഫലപ്രഖ്യാപനം നടത്തിയെന്ന സവിശേഷത കഴിഞ്ഞ വര്‍ഷം ലഭിച്ചു. ആദ്യഘട്ടത്തില്‍ വന്ന ഗുരുതരമായ തെറ്റുകളാണ് ഇതിന് കാരണമായത്. തിരക്കിട്ട് ഫലപ്രഖ്യാപനം നടത്താന്‍ ശ്രമിച്ചത് കാരണം മാര്‍ക്കുകള്‍ പരീക്ഷാ ഭവനിലെ സോഫ്‌റ്റ്വെയറില്‍ രേഖപ്പെടുത്തുന്നതില്‍ പിശകുകള്‍ കടന്നുകൂടി.

തുടര്‍ന്ന് തെറ്റുകള്‍ തിരുത്തി രണ്ടാമതൊരിക്കല്‍ കൂടി ഫലം പ്രഖ്യാപിച്ചു. ആദ്യവട്ടം 98.57 ശതമാനമായിരുന്ന വിജയശതമാനം രണ്ടാമത്തെ പ്രഖ്യാപനത്തില്‍ 99.16 എന്ന റെക്കോര്‍ഡ് ശതമാനത്തിലെത്തിയിരുന്നു. എന്നാല്‍ ഇത്തവണ കൂടുതല്‍ സൂക്ഷ്മമായ മൂല്യനിര്‍ണയമായിരുന്നതിനാല്‍ വിജയശതമാനം കുറയാനാണ് സാധ്യത.

ഫലം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഐടി അറ്റ് സ്‌കൂള്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് 04846636966 എന്ന നമ്പറിലേക്ക് വിളിച്ച് രജിസ്റ്റര്‍ നമ്പര്‍ ടൈപ്പ് ചെയ്താല്‍ ഫലം അറിയാം. മാത്രവുമല്ല ഐടിഎസ് എന്ന് ടൈപ്പ് ചെയ്ത് രജിസ്റ്റര്‍ നമ്പര്‍ ചേര്‍ത്ത് 9645221221 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്താല്‍ പ്രഖ്യാപനം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം ഫലം വിദ്യാര്‍ത്ഥികളിലേക്കെത്തും.

You must be logged in to post a comment Login