എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13മുതല്‍ 23വരെ

 

തിരുവനന്തപുരം: മാര്‍ച്ച് ആദ്യവാരം നടത്താന്‍ തീരുമാനിച്ചിരുന്ന എസ്എസ്എല്‍സി പരീക്ഷ ഒരാഴ്ചത്തേക്ക് കൂടി നീട്ടാന്‍ ശുപാര്‍ശ. മാര്‍ച്ച് ആറിനു തുടങ്ങേണ്ട പരീക്ഷ മാര്‍ച്ച് 13ലേക്ക് മാറ്റാനാണ് ശുപാര്‍ശ നല്‍കിയത്. മാര്‍ച്ച് 13മുതല്‍ 23വരെ പരീക്ഷ നടത്താന്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തല്‍ സമിതിയാണ് ശുപാര്‍ശ ചെയ്തത്.

നിപ്പയും മഴയും മൂലം അധ്യായന ദിവസങ്ങള്‍ നഷ്ടപ്പെട്ടതാണ് പരീക്ഷ നീട്ടാന്‍ ശുപാര്‍ശ ചെയ്യാന്‍ കാരണം. എന്നാല്‍ പരീക്ഷ ഏപ്രിലേക്ക് മാറ്റാനുള്ള നിര്‍ദേശം ഇന്ന് ചേര്‍ന്ന് ക്യുഐപി യോഗം (ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം) മോണിറ്ററിങ് കമ്മിറ്റി അംഗീകരിച്ചില്ല. അതിനെതുടര്‍ന്നാണ് പരീക്ഷ ഒരാഴ്ചത്തേക്ക് നീട്ടാന്‍ ആവശ്യപ്പെട്ടത്. ശുപാര്‍ശയിന്മേല്‍ അന്തിമ തീരുമാനം സര്‍ക്കാര്‍ എടുക്കും.

മഴക്കെടുതി മൂലം പല മേഖലകളിലും ആഴ്ചകളോളം സ്‌കൂളുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണു മാര്‍ച്ചില്‍ നിശ്ചയിച്ചിരുന്ന എസ്എസ്എല്‍സി പരീക്ഷ ഏപ്രിലിലേക്കു മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചത്.

You must be logged in to post a comment Login