എസ്ബിഐയും യൂണിയന്‍ ബാങ്കും അടിസ്ഥാന പലിശനിരക്ക് കുറച്ചു


ന്യൂഡല്‍ഹി: എസ്ബിഐയും യൂണിയന്‍ ബാങ്കും അടിസ്ഥാന വായ്പാ പലിശനിരക്ക്  കുറച്ചു. എസ്ബിഐ അടിസ്ഥാന പലിശനിരക്ക് 0.9 ശതമാനം കുറച്ചതോടെ നിലവിലുള്ള 8.9 ശതമാനം ഇതോടെ 8 ശതമാനമായി. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകള്‍ കുറയും. നിക്ഷേപങ്ങള്‍ക്കുള്ള പലിശയും ഇതനുസരിച്ച് കുറയും. ഇന്ന് മുതല്‍ ഈ നിരക്കുകള്‍ നിലവില്‍ വന്നു.

യൂണിയന്‍ ബാങ്കും പലിശ നിരക്കുകളില്‍ ഇളവ് വരുത്തിയിട്ടുണ്ട് .65 മുതല്‍ 0.9 ശതമാനത്തിന്റെ കുറവാണ് യൂണിയന്‍ ബാങ്ക് അടിസ്ഥാന പലിശ നിരക്കുകളില്‍ വരുത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ മറ്റു ബാങ്കുകളും ഇതേ പാത പിന്തുടരുമെന്നാണ് കരുതുന്നത്.

ശനിയാഴ്ച പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ ഭവന വായ്പ പലിശ നിരക്കുകള്‍ കുറക്കുമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്.ബി.ഐ വായ്പ പലിശ നിരക്കുകള്‍ കുറച്ചിരിക്കുന്നത്. സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ഇന്ന് തന്നെ ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നോട്ട് പിന്‍വലിച്ചതിനുശേഷം 15 ലക്ഷം കോടിയിലേറെ രൂപയുടെ കറന്‍സികളാണ് ബാങ്കുകളില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം വര്‍ധനയാണ് നിക്ഷേപത്തില്‍ ഈ വര്‍ഷം ഉണ്ടായത്.

You must be logged in to post a comment Login