എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് എട്ടിന് ആരംഭിക്കും

sslc

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് എട്ടു മുതല്‍ 27 വരെ നടക്കും. നേരത്തെ എട്ടിന് തുടങ്ങി 23ന് അവസാനിപ്പിക്കാനായിരുന്നു തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

മാര്‍ച്ച് 16ന് സോഷ്യല്‍ സയന്‍സ് പരീക്ഷ നടത്താനിരുന്നത് മാറ്റി പകരം ഫിസിക്‌സ് ആക്കിയിട്ടുണ്ട്. പകരം 16നു നടത്താനിരുന്ന സോഷ്യല്‍ സയന്‍സ് 27 ലേക്ക് മാറ്റി. 14നു ഹിന്ദി കഴിഞ്ഞാല്‍ 15ന് അവധിയാണ്. ഫിസിക്‌സ് പരീക്ഷയ്ക്ക് മുമ്പ് അവധി വേണമെന്ന് ആവശ്യം ഉയര്‍ന്നതിനാലാണ് ഫിസിക്‌സ് 16ന് ആക്കിയത്. 21നു ഫിസിക്‌സ് നിശ്ചയിച്ചിരുന്നുവെങ്കിലും അന്ന് പരീക്ഷയില്ല.

പരീക്ഷ ഉച്ചക്ക് ശേഷം 1.45ന് തന്നെയായിരിക്കും തുടങ്ങുക. പുതുക്കിയ ടൈംടേബിള്‍: മാര്‍ച്ച് എട്ട് (ബുധന്‍) ഒന്നാം ഭാഷ പാര്‍ട്ട് ഒന്ന്, ഒമ്പത് ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്, 13 രണ്ടാം ഭാഷ ഇംഗ്‌ളീഷ്, 14 മൂന്നാം ഭാഷ ഹിന്ദി, 16 ഫിസിക്‌സ്, 20 കണക്ക്, 22 കെമിസ്ട്രി, 23 ബയോളജി, 27 സോഷ്യല്‍ സയന്‍സ്.

എസ്.എസ്.എല്‍.സി ഐ.ടി പരീക്ഷ ഫെബ്രുവരി 22ന് തുടങ്ങി മാര്‍ച്ച് രണ്ടിന് അവസാനിക്കും. മോഡല്‍ പരീക്ഷ ഫെബ്രുവരി 13ന് തുടങ്ങി 21ന് അവസാനിക്കും. ഹൈസ്‌കൂളുകളിലെയും അനുബന്ധ എല്‍.പി, യു.പി സ്‌കൂളുകളിലെയും വാര്‍ഷികപരീക്ഷകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ ആറ് വരെയും 28 മുതല്‍ 30വരെയും നടക്കും. ഇത്തവണ 54 കേന്ദ്രങ്ങളിലായിരിക്കും ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തുക. പത്താം ക്‌ളാസില്‍ പഠിപ്പിക്കുന്ന അധ്യാപകരെ മാത്രമേ മൂല്യനിര്‍ണയത്തിന് നിയമിക്കൂ. നവംബര്‍ 15ന് അവസാനിച്ച പരീക്ഷാ ഫീസടയ്ക്കല്‍ തീയതി ഏതാനും ദിവസം കൂടി നീട്ടാനും തീരുമാനിച്ചു.

പരീക്ഷാനടത്തിപ്പ് ചുമതലയുള്ളവര്‍ക്ക് നല്‍കിയിരുന്ന നിശ്ചിത തുക പ്രതിഫലം ഒരു ഡി.എ എന്ന രൂപത്തില്‍ പരിഷ്‌കരിക്കാനും തീരുമാനിച്ചു. നേരത്തേ 100 രൂപയില്‍ താഴെ ലഭിച്ചിരുന്ന പ്രതിഫലം ഡി.എ ആക്കിയതോടെ ചുരുങ്ങിയത് 400 രൂപയെങ്കിലുമാകും. പരീക്ഷാ നടത്തിപ്പിന് ആവശ്യമായ കണ്ടിന്‍ജന്‍സി തുക ഇരട്ടിയാക്കാനും യോഗം തീരുമാനിച്ചു.

കറന്‍സി ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ എസ്എസ്!എല്‍സി പരീക്ഷാ ഫീസ് തുടര്‍ന്നും സ്വീകരിക്കാന്‍ തീരുമാനിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ പട്ടിക സമ്പൂര്‍ണയിലൂടെ നല്‍കുന്നത് 21 വരെ നീട്ടി. എസ്എസ്എല്‍സി പരീക്ഷാ മേല്‍നോട്ടത്തിന് ദിവസം ഒരു ഡിഎ പ്രതിഫലം നല്‍കണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം തത്വത്തില്‍ അംഗീകരിച്ചു. പത്താം ക്ലാസില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ മാത്രമേ എസ്എസ്എല്‍സി മൂല്യനിര്‍ണയം നടത്താന്‍ പാടുള്ളൂവെന്നും തീരുമാനിച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പരീക്ഷാഭവന്‍ സെക്രട്ടറി കെ.ഐ. ലാല്‍, അധ്യാപക നേതാക്കളായ കെ.സി. ഹരികൃഷ്ണന്‍, എം. സലാഹുദ്ദീന്‍, ആര്‍. ശരത്ചന്ദ്രന്‍ നായര്‍, എ.കെ. സൈനുദ്ദീന്‍, കെ.എ. ഇന്ദുലാല്‍, റോയ് പി.ജോണ്‍, എ. മുഹമ്മദ്, ഇടവം ഖാലിദ് കുഞ്ഞ് തുടങ്ങിയവര്‍ പങ്കെടുത്തു.

You must be logged in to post a comment Login