എസ്.ബി.ടി. ഓര്‍മയായി; കേരളത്തിലെ ബാങ്കിങ് മേഖലയിലെ നായകത്വം ഇനി എസ്.ബി.ഐ.ക്ക്

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇനി ഇല്ല. എസ്.ബി.ടി. എസ്.ബി.ഐ. ലയനം പൂര്‍ത്തിയായതോടെ കേരളത്തിലെ ബാങ്കിങ് മേഖലയിലെ നായകത്വം ഇനി എസ്.ബി.ഐ.ക്ക്. ലയനത്തോടെ ശാഖകളിലെ ബോര്‍ഡുകളല്ലാതെ ഇടപാട് രീതികളൊന്നും തത്കാലം മാറുന്നില്ല. നിലവിലെ അക്കൗണ്ട് നമ്പരും പാസ് ബുക്കും ചെക്കുബുക്കും ഉപയോഗിച്ച് ഇടപാടുകള്‍ തുടരാം.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായി എസ്.ബി.ഐ യെ ഉയര്‍ത്തുന്നതിനാണ് എസ്.ബി.ടി. ഉള്‍പ്പെടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ എന്നിവയാണ് ലയിച്ച മറ്റ് ബാങ്കുകള്‍. ഇതോടെ എസ്.ബി.ഐ. ലോകത്തെ ഏറ്റവും വലിയ അമ്പത് ബാങ്കുകളില്‍ ഒന്നാവും.

1945 ല്‍ പ്രവര്‍ത്തനം തുടങ്ങിയ എസ്.ബി.ടി. 72ാം വര്‍ഷത്തിലാണ് എസ്.ബി.ഐ.യില്‍ ലയിക്കുന്നത്. ഇതോടെ കേരളം ആസ്ഥാനമായുള്ള ഏക പൊതുമേഖലാ ബാങ്കാണ് ഇല്ലാതായത്. ലയനത്തെ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ എതിര്‍ത്തിരുന്നു. എസ്.ബി.ടി. നല്‍കിയ പരിഗണന കിട്ടില്ലെന്ന ആശങ്കയായിരുന്നു എതിര്‍പ്പിനുകാരണം.

എസ്.ബി.ഐ. ചീഫ് ജനറല്‍ മാനേജര്‍ എസ്.വെങ്കിട്ടരാമന്‍, ജനറല്‍ മാനേജര്‍മാരായ അലോക് കുമാര്‍ ശര്‍മ, കെ.എന്‍.നായിക് എന്നിവര്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് സംസ്ഥാനത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രിയും ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹകരണവും അറിയിച്ചു. നിലവില്‍ എസ്.ബി.ഐ.യിലും എസ്.ബി.ടി.യിലും അക്കൗണ്ട് ഉള്ളവര്‍ക്ക് രണ്ടും ഏപ്രില്‍ 23 വരെ ഉപയോഗിക്കാം. എന്നാല്‍ അതിനുശേഷം ഇരു ബാങ്കുകളുടെയും സോഫ്റ്റ് വേര്‍ ഒന്നാവുന്നതോടെ ഒരേ പേരിലുള്ള അക്കൗണ്ടുകള്‍ ഒന്നാവും.

എസ്.ബി.ഐ. ശനിയാഴ്ചമുതല്‍ സേവന നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ നല്‍കണം. മെട്രോകളില്‍ അയ്യായിരവും നഗരങ്ങളില്‍ മൂവായിരവും ഗ്രാമങ്ങളില്‍ ആയിരം രൂപയും മാസം അക്കൗണ്ടില്‍ ശേഷിച്ചില്ലെങ്കില്‍ 20 മുതല്‍ നൂറ് രൂപയാണ് പിഴയായി നല്‍കേണ്ടത്. എ.ടി.എം. ഇടപാടുകള്‍ അനുവദിച്ചതിലും കൂടുതല്‍ നടത്തിയാല്‍ ഫീസും നല്‍കണം. എസ്.ബി.ടി അക്കൗണ്ടുകള്‍ എസ്.ബി.ഐ. യിലേക്ക് മാറുന്നതിനാല്‍ നിലവിലുള്ള എസ്.ബി.ടി. ഉപഭോക്താക്കളും ഈ പിഴ നല്‍കേണ്ടിവരും.

ലയനത്തോടെ എസ്.ബി.ഐ.ക്ക് കേരളത്തില്‍ 1360 ഓളം ശാഖകള്‍ ഉണ്ടാവും. ഉദ്യോഗസ്ഥരുടെ എണ്ണം 16,000 ആകും. ശാഖകളൊന്നും തത്കാലം പൂട്ടുന്നില്ല. ഉദ്യോഗസ്ഥര്‍ക്കും മാറ്റമില്ല. എസ്.ബി.ടി. പ്രഖ്യാപിച്ച സ്വയംവിരമിക്കല്‍ പദ്ധതിയില്‍ ഇതുവരെ 300 ഓളം ജീവനക്കാര്‍ അപേക്ഷിച്ചിട്ടുണ്ട്.

You must be logged in to post a comment Login