എസ്.രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളെന്ന കാര്യത്തില്‍ സംശയമില്ലെന്ന് വി.എസ്.അച്യുതാനന്ദന്‍; മൂന്നാറിലെ കയ്യേറ്റം വീണ്ടും വ്യാപകമായത് യുഡിഎഫ് കാലത്ത്

തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രനെതിരെ ഭരണപരിഷ്‌കാരകമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളെന്ന കാര്യത്തില്‍ സംശയമില്ലെന്ന് വിഎസ് ആരോപിച്ചു. കയ്യേറ്റങ്ങളെ ന്യായീകരിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കും. രാജേന്ദ്രനെതിരെ നടപടി വേണമെന്ന ചിന്ത സ്വാഭാവികമാണ്. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് വിഎസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മൂന്നാറില്‍ വിഎസിന്റെ ദൗത്യം പരാജയമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്കും വിഎസ് മറുപടി നല്‍കി. തന്റെ സര്‍ക്കാരിന്റെ കാലത്തെ മുന്നേറ്റം യുഡിഎഫ് വന്നപ്പോള്‍ ഇല്ലാതായെന്ന് വിഎസ് ആരോപിച്ചു. യുഡിഎഫ് വന്നപ്പോള്‍ കയ്യേറ്റം രൂക്ഷമായി. അന്ന് ചെന്നിത്തല ഉറങ്ങുകയായിരുന്നോ എന്നും വിഎസ് കുറ്റപ്പെടുത്തി.

മൂന്നാറില്‍ കയ്യേറ്റങ്ങള്‍ നിര്‍ബാധം തുടരുകയാണ്. മൂന്നാറില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒഴിപ്പിച്ചെടുത്ത ഭൂമി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വീണ്ടും കയ്യേറി. ആഭ്യന്തരമന്ത്രിയായിരുന്ന ചെന്നിത്തല ഇത് കണ്ടില്ലെന്ന് നടിച്ചു. എല്‍ഡിഎഫിന്റെ കാലത്ത് 92 അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു. മൂന്നാറിലെ എല്ലാ അനധികൃത കയ്യേറ്റങ്ങളും ഉടന്‍ ഒഴിപ്പിക്കണം. പ്രകടനപത്രികയിലെ വാഗ്ദാനം എല്‍ഡിഎഫും പാലിക്കണമെന്നും വിഎസ് പറഞ്ഞു.

ഇനിയും മൂന്നാറിലേക്ക് പോകുമോ എന്ന ചോദ്യത്തിന് വേണ്ടി വന്നാല്‍ മൂന്നാറിലേക്ക് ഇനിയും ചെല്ലുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാറിലെ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് കര്‍ശന നടപടികള്‍ കൈക്കൊളളുന്ന ദേവികുളം സബ്കളക്ടര്‍ സര്‍ക്കാരിന്റെ താത്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭൂമാഫിയയുടെ ആള്‍ക്കാരെ ജനം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login