എൻടോർഖ് 125 സ്കൂട്ടറുമായി ടിവിഎസ് വിപണിയിൽ

Master (2)

ഇന്ത്യൻ യുവതലമുറയെ ലക്ഷ്യമിട്ട് 125 സിസി ശ്രേണിയിൽ പുതിയ എൻടോർഖ് സ്കൂട്ടറിനെ അവതരിപ്പിച്ച് ടിവിഎസ്. ഡൽഹി എക്സ്ഷോറൂം 58,750 രൂപയ്ക്കാണ് ടിവിഎസിന്‍റെ എൻടോർഖ് 125 അവതരിച്ചിരിക്കുന്നത്. 2014 ഓട്ടോ എക്സ്പോയിൽ അവതരണം നടത്തിയ ഗ്രാഫൈറ്റ് കൺസ്പെറ്റിനെ ആധാരപ്പെടുത്തിയാണ് എൻടോർഖിന്‍റെ നിർമ്മാണം.

അഗ്രസീവ് ലുക്ക് പകരുന്ന ഡിസൈൻ ശൈലിയാണ് എൻടോർഖിന്‍റെ മുഖ്യാകർഷണം. കൂർത്ത് നിൽക്കുന്ന ഫ്രണ്ട് ഏപ്രൺ, സിഗ്നേച്ചർ എൽഇഡി ടെയിൽ ലാമ്പ്, എൽസിഡി സ്ക്രീൻ, വേറിട്ട എക്‌സ്‌ഹോസ്റ്റ് ശബ്ദം എന്നീ സവിശേഷതകളാണ് എൻടോർഖിൽ അടങ്ങിയിരിക്കുന്നത്. 125 സിസി എയര്‍-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ CVTi റെവ് എൻജിനാണ് എൻടോർഖിലെ പവർഹൗസ്.

9.27 ബിഎച്ച്പിയും 10.4എൻഎം ടോർക്കും സൃഷ്ടിക്കുന്ന എൻജിന് മണിക്കൂറിൽ 95 കിലോമീറ്ററാണ് വേഗത. ഈ ശ്രേണിയിൽ ഏറ്റവും വേഗതയേറിയ സ്കൂട്ടറായിരിക്കും ടിവിഎസിന്‍റെ എൻടോർഖ്.

സ്മാര്‍ട്ട് കണക്ട് ടെക്‌നോളജി വഴി സ്‌കൂട്ടറിനെ സ്മാര്‍ട്ട്‌ഫോണുമായി ബന്ധപ്പെടുത്താൻ സാധിക്കും. സ്മാര്‍ട്ട്‌ഫോണിലേക്ക് വരുന്ന ഇന്‍കമിങ്ങ് കോളറുടെ പേരും ടെക്സ്റ്റ് സന്ദേശങ്ങളും എല്‍സിഡി സ്‌ക്രീനില്‍ തെളിയുന്ന ഫീച്ചറും എൻടോർഖിൽ മാത്രം ലഭ്യമാക്കിയിട്ടുള്ള ഒരു പ്രധാന സവിശേഷതയാണ്. ഇന്‍റലിജന്‍റ് ഇഗ്നീഷന്‍ സിസ്റ്റം, ഓട്ടോ ചോക്ക്, ഫോം-ഓണ്‍-പേപ്പര്‍ എയര്‍ ഫില്‍ട്ടര്‍, സ്പ്ലിറ്റ് ടൈപ് ഇന്‍ടെയ്ക്ക് ഡിസൈന്‍ എന്നിവയാണ് ശ്രദ്ധേയമായ മറ്റുപ്രധാന ഫീച്ചറുകൾ.

എൻജിൻ കില്‍ സ്വിച്ച്, പാസ് ബൈ സ്വിച്ച്, എക്‌സ്‌റ്റേണല്‍ ഫ്യൂവല്‍ ഫില്ലര്‍ ക്യാപ്, ഡ്യൂവല്‍-സൈഡ് ഹാന്‍ഡില്‍ ലോക്ക്, പാര്‍ക്കിംഗ് ബ്രേക്കുകള്‍, യുഎസ്ബി മൊബൈല്‍ ചാര്‍ജ്ജര്‍, 22 ലിറ്റര്‍ അണ്ടര്‍-സീറ്റ് സ്‌റ്റോറേജ് ശേഷി, സ്പോർടി അലോയ് വീലുകൾ എന്നിവയും എൻടോർഖിന്‍റെ മറ്റു സവിശേഷതകളാണ്. മാറ്റ് ഗ്രീന്‍, മാറ്റ് റെഡ്, മാറ്റ് യെല്ലോ, മാറ്റ് വൈറ്റ് എന്നീ നിറങ്ങളിലായിരിക്കും എൻടോർഖ് ലഭ്യമാവുക. 125 ശ്രേണിയിൽ ഹോണ്ട ഗ്രാസിയയാരിക്കും ടിവിഎസ് എൻടോർഖിന് മുഖ്യ എതിരാളിയാവുക.

You must be logged in to post a comment Login