എൻപിആറിൽ കേന്ദ്ര സർക്കാരിന്റെ അനുനയ നീക്കം; സംസ്ഥാനങ്ങളുമായി ചർച്ചയ്ക്ക് തയാർ

ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പിലാക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങളുമായി ചർച്ചയ്ക്ക് തയാറാണെന്ന് കേന്ദ്രം. സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി ചർച്ച നടത്തും. രജിസ്ട്രാർ ജനറലും കമ്മീഷണറുമാണ് അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുക.

കഴിഞ്ഞ മാസം എൻപിആർ തയാറാക്കുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ച യോഗത്തിൽ എതിർപ്പുമായി സംസ്ഥാനങ്ങൾ മുന്നോട്ട് വന്നിരുന്നു. കേരളം പേരിന് വേണ്ടി പങ്കെടുത്തെങ്കിലും പശ്ചിമ ബംഗാൾ പൂർണമായി വിട്ടുനിന്നു.

കോൺഗ്രസ് അധികാരത്തിലിരിക്കുന്ന രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങൾ എൻപിആർ വിവരശേഖരണ രീതിയെ വിമർശിച്ചു. രക്ഷിതാക്കളുടെ ജന്മസ്ഥലം എന്നിവ പോലെയുള്ള ചോദ്യങ്ങളെ രാജസ്ഥാനും മറ്റ് ചില സംസ്ഥാനങ്ങളും ചോദ്യം ചെയ്തു. തങ്ങൾ ജനിച്ചത് എവിടെ ആണെന്ന് അറിവില്ലാത്തവരുണ്ട്. അവരോട് മാതാപിതാക്കളുടെ ജനന സ്ഥലം ചോദിക്കുന്നത് മണ്ടത്തരമാണെന്ന് സംസ്ഥാനങ്ങൾ അഭിപ്രായപ്പെട്ടു. വിവാദ ചോദ്യങ്ങൾക്ക് മറുപടി നിർബന്ധമല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ആളുകൾ ഉത്തരം നൽകിയാൽ മതിയെന്നും കേന്ദ്രം സംസ്ഥാനങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകി.

You must be logged in to post a comment Login