‘എൻ്റെ പ്രിയപ്പെട്ട മഞ്ജു, എല്ലാം നീ എത്ര വേഗമാണ് മറന്നത്’; മറുപടിയുമായി ശ്രീകുമാർ മേനോൻ

തിരുവനന്തപുരം: നടി മഞ്ജു വാര്യര്‍ തനിക്കെതിരെ സമര്‍പ്പിച്ച പരാതിയുടെ അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്ന് സംവിധായകൻ വി എ ശ്രീകുമാര്‍ മേനോൻ. മാധ്യമ വാർത്തകളിൽ നിന്നാണ് മഞ്ജു വാര്യർ തനിക്കെതിരെ നൽകിയ പരാതിയെ കുറിച്ച് അറിഞ്ഞത്. തനിക്കും മഞ്ജുവിനും അറിയുന്ന എല്ലാ സത്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുമെന്നും ശ്രീകുമാര്‍ മേനോൻ ഫേസ്ബുക്കിലൂടെ കുറിച്ചു.

മഞ്ജു നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത്. കാര്യം കഴിഞ്ഞാൽ ഉപകാരം ചെയ്തവരെ ചവിട്ടി മെതിച്ചു പോകുന്നവളാണ് നീ എന്ന് നിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആയ എത്രപേർ എത്രപ്രാവിശ്യം പറഞ്ഞു. സ്നേഹപൂർവവും നിർബന്ധപൂർവവുമുള്ള സമ്മർദ്ദങ്ങളും, ഭീഷണികളും അതിജീവിച്ചുകൊണ്ട് നിനക്ക് കൂട്ടായി നിന്ന എന്നെ നീ തോൽപ്പിച്ചു കളഞ്ഞല്ലോയെന്നും അദ്ദേഹം പറഞ്ഞു.

ഞാൻ നിനക്കായി കേട്ട പഴികൾ, നിനക്കായി അനുഭവിച്ച വേദനകൾ, നിനക്കായി കേട്ട അപവാദങ്ങൾ. നിന്റെ കൂടെ, പറഞ്ഞ വാക്ക് കാക്കുവാൻ ഉറച്ചു നിന്നപ്പോൾ ഉണ്ടായ ശത്രുക്കൾ, നഷ്ടപെട്ട ബന്ധങ്ങൾ. എന്റെ ബുദ്ധിയിലും സ്നേഹത്തിലും നീ ഉണ്ടാക്കി കൂട്ടിയ നേട്ടങ്ങൾ, എല്ലാം നീ എത്ര വേഗമാണ് മറന്നതെന്ന് ശ്രീകുമാര്‍ മേനോൻ ചോദിക്കുന്നു.

‘വീട്ടിൽ നിന്നും ഇറങ്ങി വന്നപ്പോൾ എന്റെ ബാങ്കിൽ 1500 രൂപയെ ഉള്ളു എന്ന് പറഞ്ഞു ആശങ്കപെട്ടിരുന്ന നിന്റെ കയ്യിലേക്ക് കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയുടെ വരാന്തയിൽ വെച്ച് ആദ്യ പരസ്യത്തിന്റെ അഡ്വാൻസായി 25 ലക്ഷം രൂപയുടെ ചെക്ക് വെച്ച് തന്നപ്പോൾ ഗുരുവായൂരപ്പൻ എന്റെ ജീവിതത്തിലേക്ക് അയച്ച ദൂതനാണ് ശ്രീകുമാർ എന്ന് പറഞ്ഞ് തേങ്ങികരഞ്ഞതും നീ മറന്നു’ അദ്ദേഹം കുറിച്ചു.

‘നീ ആരെ മറന്നാലും ശ്രീകുമാറിനെ മറക്കരുത് എന്ന് നിന്റെ അമ്മ ഇടക്ക് നിന്റെ മുൻപിൽ വെച്ചുതന്നെ എന്നോട് പറയുമായിരുന്നല്ലോ . ശ്രീകുമാർ സഹായിക്കുവാൻ ഇല്ലായിരുന്നു എങ്കിൽ തന്റെ മകളുടെ ഗതി എന്താകുമായിരുന്നു എന്ന് അലോചിച്ചുകൊണ്ട് ഉറക്കമില്ലാതിരുന്ന രാത്രികളെ കുറിച്ച് നിന്റെ അമ്മ എന്നോട് പറഞ്ഞിരുന്നതും നീ മറന്നു അല്ലേ’

‘അല്ലെങ്കിലും ഉപകാരസ്മരണ ഇല്ലായ്മയും, മറവിയും അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന നിന്റെ സ്വഭാവവും കൂടപ്പിറപ്പാണ് എന്ന് എനിക്ക് പറഞ്ഞു തന്നത് ഞാൻ ഏറെ ബഹുമാനിക്കുന്ന ദിവംഗദനായ നിന്റെ അച്ഛൻ ആണ്‌. സ്വർഗസ്ഥനായ അദ്ധേഹവും എന്നെപ്പോലെ ഇപ്പോൾ ദുഖിക്കുന്നുണ്ടാവും. എന്നാലും മഞ്ജു, കഷ്ട്ടം’ അദ്ദേഹം കുറ്റപ്പെടുത്തി.

You must be logged in to post a comment Login