എ എഫ് സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്ത്? മനസ് തുറന്ന് ഐ എം വിജയന്‍

യു എ ഇ: എ എഫ് സി ഏഷ്യന്‍ കപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് വിനയായത് നിര്‍ഭാഗ്യമാണെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം  ഐ എം വിജയന്‍. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ (എ ഐ എഫ് എഫ്) ദേശീയ ഫുട്‌ബോള്‍ നിരീക്ഷകനായ വിജയന്‍ ഏഷ്യന്‍ കപ്പ് മത്സരങ്ങള്‍ കാണാന്‍ യു എ ഇ യിലുണ്ട്. ഇന്നലെ യുഎ ഇ യ്‌ക്കെതിരായ മത്സരശേഷം സംസാരിക്കവെയാണ് വിജയന്‍ ഇക്കാര്യം പറഞ്ഞത്.

‘ ഇന്ത്യ നന്നായി കളിച്ചു. ഈ മത്സരം തോറ്റത് ഏറെ നിര്‍ഭാഗ്യകരമാണ്. നമ്മുടെ താരങ്ങള്‍ ഒത്തിരി അവസരങ്ങള്‍ സൃഷ്ടിച്ചു, പക്ഷേ അവയൊക്കെ നഷ്ടപ്പെടുത്തി. അതില്‍ ചിലത് വളരെ മികച്ച അവസരങ്ങളായിരുന്നു. ബാറും നമുക്ക് മുന്നില്‍ വില്ലനായി. കോണ്‍സ്റ്റന്റൈന്‍ നന്നായി ടീമിനെ ഒരുക്കി, ടീം നന്നായി കളിക്കുകയും ചെയ്തു. നമ്മള്‍ നിര്‍ഭാഗ്യവാന്മാരായിരുന്നു’ വിജയന്‍ പറഞ്ഞു.

തായ്‌ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ കാഴ്ചവെച്ചതിനേക്കാള്‍ മികച്ച പ്രകടനമാണ് യു.എ.ഇയ്‌ക്കെതിരെ ഇന്ത്യ പുറത്തെടുത്തതെന്നാണ് വിജയന്റെ അഭിപ്രായം.

ഇന്ത്യ വഴങ്ങിയ രണ്ട് ഗോളുകളും പ്രതിരോധത്തിന്റെ പിഴവുകളായി കാണാന്‍ കഴിയില്ലെന്നും, അവ അപ്രതീക്ഷിതമായി സംഭവിച്ച ഗോളുകളായിരുന്നെന്നും വിജയന്‍ അഭിപ്രായപ്പെടുന്നു. ആഷിഖ് കുരുനിയനും ഭേദപ്പെട്ട പ്രകടനമാണ് മത്സരത്തില്‍ നടത്തിയതെന്ന് പറഞ്ഞ വിജയന്‍, ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് മുന്നേറുമെന്ന ശുഭപ്രതീക്ഷയും പങ്ക് വെച്ചു.

You must be logged in to post a comment Login