ഏകദിനത്തില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ ആ നേട്ടം സ്വന്തമാക്കി ധോണി

 

സിഡ്നി: ഏകദിന ക്രിക്കറ്റില്‍ സ്വന്തം രാജ്യത്തിന് വേണ്ടി പതിനായിരം റണ്‍സ് തികയ്ക്കുന്ന അഞ്ചാമത്തെ താരമായി മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി. സിഡ്‌നിയില്‍ നടക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ ആദ്യ ഏകദിനത്തിലാണ് ധോണി ചരിത്രം കുറിച്ചത്. ഇന്ന് ഓസ്‌ട്രേലിയക്കെതിരെ ആദ്യ റണ്‍സ് നേടിയപ്പോള്‍ തന്നെ ധോണി പതിനായിരം പിന്നിട്ടു.

നേരത്തെ ധോണി ഏകദിനത്തില്‍ പതിനായിരം റണ്‍സ് തികച്ചിരുന്നുവെങ്കിലും ഇതില്‍ 173 റണ്‍സ് ഏഷ്യ ഇലവന് വേണ്ടിയായിരുന്നു. ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, നിലവിലെ നായകന്‍ വിരാട് കോഹ്‌ലി എന്നിവരാണ് പതിനായിരം റണ്‍സ് ഇന്ത്യയുടെ നീലകുപ്പായത്തില്‍ കുറിച്ച മറ്റ് താരങ്ങള്‍.

ചരിത്ര നേട്ടത്തിന് പിന്നാലെ അര്‍ദ്ധസെഞ്ചുറി തികച്ച ശേഷമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ച് മടങ്ങിയത്. തുടക്കത്തിലെ മൂന്ന് മുന്‍ നിര ബാറ്റ്‌സ്മാന്മാരെ നഷ്ടപ്പെട്ട ഇന്ത്യക്ക് അനുഭവപരിചയം മുതലാക്കി ബാറ്റ് വീശിയ ധോണിയുടെ പ്രകടനം തുണയായി.

പതിനായിരം റണ്‍സ് തികയ്ക്കുന്ന 13ാമത്തെ താരമാണ് എംഎസ് ധോണി. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നവരില്‍ ധോണിയും കോഹ്‌ലിയും മാത്രമാണ് പതിനായിരം റണ്‍സ് ക്ലബ്ബിലുള്ളത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, കുമാര്‍ സംഗക്കാര, റിക്കി പോണ്ടിങ്, ജയവര്‍ദ്ധന, ഇന്‍സാം ഉള്‍ ഹഖ്, ജാക് കാലിസ്, ബ്രെയാന്‍ ലാറ, ദില്‍ഷന്‍, വിരാട് കോഹ്ലി എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍.

കഴിഞ്ഞ വര്‍ഷം വിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ മുംബൈയിലെ ബ്രാബോണില്‍ നടന്ന നാലാം ഏകദിന മത്സരത്തില്‍ ധോണിക്ക് അനായാസം ഈ നേട്ടത്തിലെത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ചരിത്ര നേട്ടത്തിന് ഒരു റണ്‍സകലെ ധോണി പുറത്താവുകയായിരുന്നു. പിന്നീട് തിരുവനന്തപുരത്ത് നടന്ന അവസാന ഏകദിനത്തില്‍ ധോണി ബാറ്റിംങിന് എത്തുന്നതിന് മുമ്പ് ഇന്ത്യ ജയിക്കുകയും ചെയ്തു.

You must be logged in to post a comment Login