ഏകദിനത്തിൽ കോഹ‍്‍ലി എത്ര സെഞ്ച്വറി നേടുമെന്ന് പ്രവചിച്ച് വസിം ജാഫർ

 

ന്യൂഡൽഹി: ഇക്കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റിൽ വിരാട് കോഹ‍്‍ലി മോശം ഫോമിലായിരുന്നെന്ന് ചില ആരാധകരെങ്കിലും ട്രോളിയിട്ടുണ്ട്. അർധശതകങ്ങൾ നേടിയിട്ടും നന്നായി കളിച്ചിട്ടും കോഹ‍്‍ലിയിൽ നിന്ന് പ്രതീക്ഷിച്ച ഒന്നുണ്ടായില്ല. ലോകത്തിലെ ഏറ്റവും പ്രധാന ടൂർണമെൻറിൽ ഒരു സെഞ്ച്വറി നേടാൻ അദ്ദേഹത്തിന് സാധിച്ചില്ല.

എന്നാൽ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ രണ്ടാം ഏകദിനത്തിൽ കോഹ‍്‍ലിയിൽ നിന്ന് വീണ്ടും ഒരു സെഞ്ച്വറി പിറന്നിരിക്കുന്നു. 11 ഇന്നിങ്സുകൾക്ക് ശേഷമാണ് കോഹ‍്‍ലിയുടെ സെഞ്ച്വറി! 125 പന്തിൽ നിന്ന് അദ്ദേഹം 120 റൺസാണെടുത്തു. 14 ഫോറുകളും ഒരു സിക്സും അടങ്ങിയതായിരുന്നു ഇന്നിങ്സ്. മത്സരത്തിലെ മാൻ ഓഫ് ദി മാച്ചും ഇന്ത്യൻ നായകൻ തന്നെയായിരുന്നു.

ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയിട്ടുള്ള ബാറ്റ്സ്മാൻ എന്ന റെക്കോർഡ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ പേരിലാണ്. സച്ചിൻ 49 സെഞ്ച്വറികളാണ് നേടിയിട്ടുള്ളത്. കോഹ‍്‍ലി വെസ്റ്റ് ഇൻഡീസിനെതിരെ നേടിയത് 42ാം സെഞ്ച്വറിയാണ്. ഇനി എട്ട് സെഞ്ച്വറികൾ മാത്രം മതി സച്ചിനെ മറികടക്കാൻ.

കരിയർ അവസാനിക്കുമ്പോഴേക്കും കോഹ‍്‍ലി എത്ര സെഞ്ച്വറികൾ നേടും ? മുൻ ഇന്ത്യൻ താരം വസിം ജാഫർ ഇക്കാര്യത്തിൽ പ്രവചനം നടത്തിയിരിക്കുകയാണ്. 75-80 സെഞ്ച്വറികളെങ്കിലും കോഹ‍്‍ലി നേടുമെന്നാണ് ജാഫറിൻെറ പ്രവചനം. “11 ഇന്നിങ്സുകളുടെ ഇടവേളയ്ക്ക് ശേഷം കോഹ‍്‍ലി സാധാരണ ചെയ്യാറുള്ളത് ചെയ്യാൻ തുടങ്ങിയിരിക്കുന്നു,” ഇതായിരുന്നു വസിം ജാഫറിൻെറ ആദ്യ പ്രതികരണം. പിന്നീടാണ് കോഹ‍്‍ലി ഏകദിനത്തിൽ എത്ര സെഞ്ച്വറി നേടുമെന്ന് ജാഫർ പ്രവചിച്ചത്. സച്ചിൻ നേടിയതിനേക്കാൾ ഇരട്ടിയോളം സെഞ്ച്വറി നേടുമെന്നാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്.

വിൻഡീസിനെതിരായ മത്സരത്തിൽ സെഞ്ച്വറി നേടിയ കോഹ‍്‍ലി നിരവധി റെക്കോർഡുകളും തൻെറ പേരിലാക്കിയിരുന്നു. ഇന്ത്യക്കായി ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാൻ കോഹ‍്‍ലിയാണ്. മുൻ നായകൻ സൗരവ് ഗാംഗുലിയുടെ റെക്കോർഡാണ് അദ്ദേഹം മറികടന്നിരിക്കുന്നത്. 11363 റൺസാണ് ഗാംഗുലി നേടിയിരുന്നത്. ഗാംഗുലി 311 ഏകദിനങ്ങളിൽ നിന്നായിരുന്നു ഇത്രയും റൺസ് നേടിയിരുന്നത്. എന്നാൽ കോഹ‍്‍ലി വെറും 238 ഏകദിനങ്ങളിൽ നിന്നാണ് ഈ റെക്കോർഡ് മറി കടന്നിരിക്കുന്നത്.

നിലവിൽ ഏകദിന ക്രിക്കറ്റിൽ കോഹ‍്‍ലി ആകെ 11406 റൺസാണ് നേടിയിട്ടുള്ളത്. ഇന്ത്യൻ ബാറ്റ്സ്മാൻമാരിൽ ഇനി സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് കോഹ‍്‍ലിക്ക് മുന്നിലുള്ളത്. 18426 റൺസ് നേടിയിട്ടുള്ള സച്ചിനാണ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള ബാറ്റ്സ്മാൻ. ഏകദിന ക്രിക്കറ്റിൽ ലോകത്തെ റൺ വേട്ടക്കാരുടെ കൂട്ടത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ‍്‍ലി നിലവിൽ ഏഴാം സ്ഥാനത്താണുള്ളത്.

You must be logged in to post a comment Login