ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് കനത്ത നഷ്ടം; മീരാഭായ് ചാനു പുറത്ത്

 

ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം നടത്താന്‍ ഒരുങ്ങുന്ന ഇന്ത്യയ്ക്ക് കനത്ത നഷ്ടമായി ലോക ചാംപ്യന്‍ പുറത്ത്. ഭാരദ്വഹന ചാംപ്യനായ മീരാഭായ് ചാനുവാണ് ഗെയിംസിന് രണ്ടാഴ്ചമാത്രം ശേഷിക്കെ പിന്‍മാറിയത്. നേരത്തെ പരിക്കുമൂലം വിശ്രമത്തിലായിരുന്ന ചാനു പരിക്ക് ഭേദമാകാത്തതോടെ ഗെയിംസില്‍ നിന്നും പിന്‍വാങ്ങുന്നതായി അറിയിക്കുകയായിരുന്നു.

മീരാഭായ് ഗെയിംസിനെത്തില്ലെന്ന് ഇന്ത്യന്‍ വെയ്റ്റ്‌ലിഫ്റ്റിങ് ഫെഡറേഷന്‍ സെക്രട്ടറി സഹദേവ് യാദവ് സ്ഥിരീകരിച്ചു. നാളുകളായി അലട്ടിക്കൊണ്ടിരുന്ന വേദന കുറഞ്ഞതിനെ തുടര്‍ന്ന് താരം കഴിഞ്ഞയാഴ്ച മുംബൈയിലെത്തി പരിശീലനം തുടര്‍ന്നിരുന്നു. എന്നാല്‍, പരിശീലനത്തിനിടെ വീണ്ടും വേദനയുണ്ടായതോടെ ഗെയിംസില്‍നിന്നും പിന്മാറി.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്ന താരമാണ് മീരാഭായ്. പരിക്ക് തുടരുന്നതോടെ ഏഷ്യന്‍ ഗെയിംസ് ഒഴിവാക്കുന്നതാണ് നല്ലതെന്ന് ദേശീയ കോച്ച് വിജയ് ശര്‍മ നിര്‍ദേശിച്ചു. പരിക്ക് ഗുരുതരമായാല്‍ അത് ഒളിംപിക്‌സ് തയ്യാറെടുപ്പിനെ ബാധിച്ചേക്കും. ഇന്ത്യയുടെ ഒളിംപിക്‌സ് മെഡല്‍ പ്രതീക്ഷകൂടിയായ മീരാഭായിക്ക് കൂടുതല്‍ ശക്തിയോടെ തിരിച്ചുവരാന്‍ കഴിയുമെന്ന് ശര്‍മ പറഞ്ഞു.

You must be logged in to post a comment Login