ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം ലക്ഷ്യമിട്ട് പതിനഞ്ചുകാരന്‍

 

ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഓഗസ്ത് പതിനെട്ടിന് ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ കൗമാരതാരം അനീഷ് ഭന്‍വാല ലക്ഷ്യം വെക്കുക സ്വര്‍ണത്തിലേക്ക്. പതിനഞ്ചുവയസുമാത്രം പ്രായമുള്ള അനീഷ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ വിസ്മയമാണ്. 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തിലായിരുന്നു അനീഷിന്റെ സ്വര്‍ണനേട്ടം. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഇതിനകംതന്നെ അനീഷ് വരവറിയിച്ചിട്ടുണ്ട്.

ഐഎസ്എസ്എഫ് ലോക ചാപ്യന്‍ഷിപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയിലെ പ്രകടനം എടുത്തപറയേണ്ടതാണ്. ഇടത്തരം കുടുംബത്തില്‍നിന്നും ഷൂട്ടിംഗ്് ലോകത്തെത്തപ്പെട്ട അനീഷ് പഠനത്തിന്റെ ഇടവേളകളിലാണ് ഇഷ്ടയിനമായ ഷൂട്ടിംഗില്‍ പരിശീലനം നടത്തുന്നത്. ഷൂട്ടിംഗിലുള്ള മകന്റെ താല്‍പര്യമറിഞ്ഞ പിതാവ് ഒരു സെക്കന്‍ഹാന്റ് തോക്ക് വാങ്ങി നല്‍കിയതോടെയാണ് കൗമാരതാരത്തിന്റെ ജീവിതം വഴിമാറുന്നത്.

ഇതോടെ, പരിശീലന സൗകര്യത്തിനായി ഹരിയാനയില്‍ നിന്നും കുടുംബം ദില്ലിയിലേക്ക് മാറി. അനീഷിനൊപ്പം പതിനാറുകാരി മനു ഭാക്കറും ഇന്ത്യയുടെ ഭാവി വാഗ്ദാനമാണ്. ഇരുവരും ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുകയാണെങ്കില്‍ അത് ഒളിംപിക്‌സ് മെഡലിനായുളള ഇന്ത്യയുടെ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടും.

You must be logged in to post a comment Login