ഏഷ്യന്‍ ഗെയിംസ്: അശ്വാഭ്യാസത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍; 36 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് സൈന ബാഡ്മിന്റനില്‍ സെമിയില്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ അശ്വാഭ്യാസത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍നേട്ടം. അശ്വാഭ്യാസം വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമാണ് ഇന്ത്യ വെള്ളി മെഡല്‍ നേടിയത്. വ്യക്തിഗത ഇനത്തില്‍ ഫവാദ് മിര്‍സയാണ് ഇന്ത്യയ്ക്കായി വെള്ളിമെഡല്‍ നേടിയത്. ഇതോടെ, ഏഴു സ്വര്‍ണവും ഏഴു വെള്ളിയും 17 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് 31 മെഡലുകളായി.

ഗെയിംസിന്റെ എട്ടാംദിനം കാര്യമായ മെഡല്‍ നേട്ടമില്ലാത്ത ഇന്ത്യയ്ക്ക് അശ്വാഭ്യാസത്തിലെ വെള്ളി മെഡല്‍ ആശ്വാസമായി. 1982നു ശേഷം ആദ്യമായാണ് ഈ ഇനത്തില്‍ ഇന്ത്യ മെഡല്‍ നേടുന്നത്.

അതേസമയം, ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റനില്‍ ചരിത്രമെഴുതി വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ സെമിഫൈനലില്‍ കടന്നു. തായ്‌ലന്‍ഡിന്റെ ലോക നാലാം നമ്പര്‍ താരം റാച്ചനോക് ഇന്റനോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് സൈനയുടെ സെമിപ്രവേശം. സ്‌കോര്‍: 21-18, 21-16. ഇതോടെ സൈന വെങ്കലമെഡല്‍ ഉറപ്പാക്കി. ബാഡ്മിന്റന്‍ വ്യക്തിഗത ഇനത്തില്‍ 36 വര്‍ഷത്തിനിടെ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയാണിത്. ലോക ഒന്നാം നമ്പര്‍ താരമായ തായ്‌വാന്റെ തായ് സൂ യിങ്ങാണ് സെമിയില്‍ സൈനയുടെ എതിരാളി. അമ്പെയ്ത്ത് വനിതാ വിഭാഗം കോംപൗണ്ട് ടീം ഇനത്തിലും വെള്ളി മെഡല്‍ ഉറപ്പാക്കി ഇന്ത്യ ഫൈനലില്‍ കടന്നു. മുസ്‌കന്‍ കിരര്‍, മധുമിത, ജ്യോതി എന്നിവരുള്‍പ്പെട്ട ടീമാണ് ഫൈനലില്‍ കടന്നത്. ചൈനീസ് തായ്‌പേയിക്കെതിരെ 225-222 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ വിജയം. ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണ കൊറിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

മലയാളി താരങ്ങളായ മുഹമ്മദ് അനസ് (400 മീറ്റര്‍), ശ്രീശങ്കര്‍ (ലോങ് ജംപ്), ഹിമാ ദാസ് (400 മീറ്റര്‍) തുടങ്ങിയവര്‍ ഇന്ന് ഫൈനലില്‍ മെഡല്‍ തേടി ട്രാക്കിലിറങ്ങുന്നുണ്ട്. തജിന്ദര്‍പാല്‍ പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ കഴിഞ്ഞിദിവസം ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു. ടെന്നീസ് പുരുഷ ഡബിള്‍സിലും ഇന്ത്യ സ്വര്‍ണം സ്വന്തമാക്കി. ഇന്ത്യന്‍ താരങ്ങളായ രോഹന്‍ ബോപണ്ണയും ദിവിജ് ശരണും ചേര്‍ന്ന സഖ്യമാണ് സ്വര്‍ണനേട്ടം സ്വന്തമാക്കിയത്. പുരുഷന്മാരുടെ തുഴച്ചിലില്‍ ക്വാഡ്രുപ്ലി സ്‌കള്‍സ് ടീം ഇനത്തില്‍ സവാരണ്‍ സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങിയ സംഘവും സ്വര്‍ണം നേടി.

പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരി, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന്‍ സര്‍ണോബത് എന്നിവരും സ്വര്‍ണം നേടി. ഗെയിംസില്‍ ഇന്ത്യ നേടിയ സ്വര്‍ണത്തില്‍ രണ്ടെണ്ണം ഗുസ്തിയിലൂടെയായിരുന്നു. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്രംഗ് പൂണിയ എന്നിവരാണ് സ്വര്‍ണം നേടിയ മറ്റുള്ളവര്‍.

You must be logged in to post a comment Login