ഏഷ്യന്‍ ചാമ്പ്യന്‍ കായികമേളയിലെ മലയാളി താരങ്ങള്‍ക്ക് ദുരിതയാത്ര

പ്രഥമ ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന്റെ അഭിമാനമായി മെഡലുകള്‍ വാരിക്കൂട്ടിയ മലയാളി താരങ്ങളുടെ കേരളത്തിലേക്കുള്ള മടക്കം തീവണ്ടിയിലെ സെക്കന്‍ഡ് സ്ലീപ്പര്‍ കോച്ചില്‍. ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ സ്വര്‍ണവുമായി ഇന്ത്യയെ രണ്ടാം സ്ഥാനത്തെത്തിച്ച പി.യു ചിത്ര അടക്കമുള്ള താരങ്ങള്‍ക്കാണ് അധികൃതര്‍ ഇക്കുറിയും ദുരിതയാത്ര സമ്മാനിച്ചത്. എട്ട് സ്വര്‍ണമടക്കം 12 മെഡലുകള്‍ നേടിയ പന്ത്രണ്ടംഗ മലയാളിസംഘം ഇന്നു രാവിലെ കേരള എക്‌സ്പ്രസില്‍ രണ്ടാം ക്ലാസിലാണ് നാട്ടിലേക്ക് യാത്രതിരിച്ചത്. മലേഷ്യയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 12 സ്വര്‍ണവുമായിട്ടായിരുന്നു ഇന്ത്യ രണ്ടാമത് എത്തിയത്. ഇതില്‍ എട്ടു സ്വര്‍ണവും മലയാളി താരങ്ങളുടെ വകയായിരുന്നു. തിങ്കളാഴ്ച ഡല്‍ഹിയില്‍ തിരിച്ചെത്തിയ സംഘത്തിന് ചൊവ്വാഴ്ച രാവിലെ കേരള എക്‌സ്പ്രസില്‍ സെക്കന്‍ഡ് സ്ലീപ്പര്‍ ക്ലാസിലായിരുന്നു ടിക്കറ്റ്. ദിവസങ്ങള്‍ നീണ്ട യാത്രയ്ക്കും മത്സരത്തിനും ശേഷം ക്ഷീണിതരായ കുട്ടികള്‍ക്ക് ഇനി നാട്ടിലെത്തണമെങ്കില്‍ രണ്ടു ദിനങ്ങള്‍ കൂടി തള്ളിനീക്കേണ്ട സ്ഥിതിയാണ്. ഒപ്പം ട്രെയിനിലെ ദുരിതയാത്രയും. ചിത്രയും അഫ്‌സലും ബബിതയും അടക്കം പന്ത്രണ്ടു മലയാളി കായികതാരങ്ങളായിരുന്നു ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നത്.

അതേസമയം പതിവു കൈകഴുകല്‍ മറുപടിയുമായി കായികഅധികൃതരും രംഗത്തെത്തി. താരങ്ങളുടെ മടക്കം യഥാസമയം അറിയിച്ചില്ലെന്നാണ് ഇവരുടെ വിശദീകരണം. ചൊവ്വാഴ്ചയായിരുന്നു ഗെയിംസിന്റെ ഔദ്യോഗിക സമാപനമെന്നും എന്നല്‍ സമാപനച്ചടങ്ങില്‍ പങ്കെടുക്കാതെ ഇന്ത്യന്‍ ടീം മടങ്ങുകയായിരുന്നുവെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. താരങ്ങളുടെ മടക്കഷെഡ്യൂള്‍ അറിയിക്കാതിരുന്നതിന് ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷനെ പ്രതിഷേധം അറിയിക്കുമെന്നും സംസ്ഥാന കായികവൃത്തങ്ങള്‍ പറയുന്നു. അതേസമയം, ഏഷ്യന്‍ മീറ്റില്‍ പങ്കെടുത്ത മലയാളി താരങ്ങളുടെ മടങ്ങിവരവ് അറിയിച്ചിരുന്നില്ലെന്നു സ്‌പോര്‍ട്‌സ് ഓഫിസര്‍ ചാക്കോ ജോസഫ് അറിയിച്ചു. ഇന്നായിരുന്നു സമാപന ചടങ്ങ്. അതില്‍ പങ്കെടുക്കാതെ ഇന്ത്യന്‍ ടീം മടങ്ങുകയായിരുന്നു. അതിനാലാണ് യാത്രാസൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ വീഴ്ചയുണ്ടായതെന്നും അദ്ദേഹം അറിയിച്ചു.
ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷനെ പ്രതിഷേധം അറിയിക്കുമെന്നും ചാക്കോ ജോസഫ് പറഞ്ഞു.

You must be logged in to post a comment Login