ഐഎംഎഫ് ആദ്യ വനിതാ മുഖ്യ സാമ്പത്തിക വിദഗ്ധയായി ഗീതാ ഗോപിനാഥ് ചുമതലയേറ്റു

 

ന്യൂഡല്‍ഹി: അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) ആദ്യ വനിതാ മുഖ്യ സാമ്പത്തിക വിദഗ്ദ്ധയായി ഇന്ത്യക്കാരിയായ ഗീതാ ഗോപിനാഥ് ചുമതലയേറ്റു. ഗീതയെ കഴിഞ്ഞ ഒക്ടോബറിലാണ് ഐഎംഎഫ്ചീഫ് എക്കണോമിസ്റ്റായി പ്രഖ്യാപിച്ചത്. ഐഎംഎഫിന്റെ പതിനൊന്നാമത്തെ മുഖ്യ സാമ്പത്തിക വിദഗദ്ധയായി കഴിഞ്ഞ ആഴ്ച അവര്‍ ചുമതലയേറ്റു. അസാധാരണ വ്യക്തിത്വമാണ് ഗീതാഗോപിനാഥിന്റേത്. അവരുടെ നേതൃത്വം ഐഎംഎഫിന് മാത്രമല്ല ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ക്ക് മാതൃകയാണെന്നും ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റീനെ ലഗാര്‍ഡെ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവും ഹാര്‍വാഡ് സര്‍വകലാശാലയിലെ പ്രഫസറുമാണ് കണ്ണൂര്‍ സ്വദേശിനിയായ ഗീതാ ഗോപിനാഥ്.

2016ലാണ് ഗീതയെ സാമ്പത്തിക ഉപദേഷ്ടാവായി മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുത്തത്. അദ്ദേഹം ചികിത്സയ്ക്കായി അമേരിക്കയില്‍ പോയപ്പോള്‍ ഗീതയെ കണ്ടിരുന്നു. മുഖ്യമന്ത്രി അമേരിക്കയിലായിരുന്നപ്പോള്‍ത്തന്നെ അവര്‍ തിരുവനന്തപുരത്തെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തിയിരുന്നു.

ഇടതുപക്ഷം ശക്തമായി എതിര്‍ക്കുന്ന നവ ഉദാരവത്കരണ നടപടികളെ പിന്തുണയ്ക്കുന്ന ഗീതയെ ഉപദേഷ്ടാവായി ഇടതുപക്ഷ സര്‍ക്കാര്‍ തിരഞ്ഞെടുത്തത് വിവാദമായിരുന്നു. പുതിയ പദവി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി അവര്‍ ഉപദേഷ്ടാവ് പദവി വൈകാതെ ഒഴിഞ്ഞു.

You must be logged in to post a comment Login