ഐഎന്‍എക്‌സ് മീഡിയക്കേസില്‍ പി ചിദംബരത്തിന്റെ ചോദ്യംചെയ്യല്‍ ഇന്നും തുടരും

ഐഎന്‍എക്‌സ് മീഡിയക്കേസില്‍ പി. ചിദംബരത്തിന്റെ ചോദ്യം ചെയ്യല്‍ ഇന്നും ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്തു തുടരും. റോസ് അവന്യൂ കോടതി ഇന്നലെ കസ്റ്റഡി അനുവദിച്ചതോടെ സിബിഐ സുപ്രധാന ചോദ്യങ്ങള്‍ തയ്യാറാക്കിയെന്നാണ് സൂചന. അതേ സമയം, അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ചിദംബരം സമര്‍പ്പിച്ച രണ്ട് ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കും.

മുന്‍ കേന്ദ്രആഭ്യന്തരമന്ത്രിയെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നത് കൊണ്ടുതന്നെ ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് കനത്ത സുരക്ഷാസന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചിദംബരത്തിന്റെ ചോദ്യം ചെയ്യല്‍ സിബിഐയെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും ഒഴിഞ്ഞു മാറുന്നുവെന്നും സിബിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്നലെ കോടതിയെ അറിയിച്ചത് ശ്രദ്ധേയമാണ്. അതിനാല്‍ തന്നെ ചിദംബരത്തില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിയുക എളുപ്പമല്ല. ഈ പ്രതിസന്ധി മറികടക്കാന്‍ പര്യാപ്തമായ ചോദ്യങ്ങള്‍ സിബിഐ അന്വേഷണസംഘം തയാറാക്കുന്നുവെന്നാണ് സൂചന. ഐ.എന്‍.എക്‌സ് മീഡിയയുടെ ഉടമസ്ഥരായ ഇന്ദ്രാണി മുഖര്‍ജിയെയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയെയും ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കെ ഡല്‍ഹിയിലെ ഓഫീസില്‍ വച്ചു കണ്ടു എന്നു തുടങ്ങിയവ അടക്കം ചോദിച്ചറിയാനാണ് സിബിഐയുടെ ശ്രമം.

അതേസമയം, സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ചിദംബരം സമര്‍പ്പിച്ച രണ്ട് ഹര്‍ജികള്‍ ജസ്റ്റിസ് ആര്‍. ബാനുമതി അധ്യക്ഷയായ ബെഞ്ച് ഇന്ന് പരിഗണിക്കും. സിബിഐയുടെ കസ്റ്റഡിയിലായതോടെ ആ ഹര്‍ജി അപ്രസക്തമായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസില്‍ വാദം പറയാനായിരിക്കും ചിദംബരത്തിന്റെ അഭിഭാഷകരുടെ ശ്രമം.

You must be logged in to post a comment Login