ഐഎന്‍എസ് വിക്രാന്തിന്റെ വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈനീസ് ശ്രമം

കൊച്ചി: തദ്ദേശീയമായി ഇന്ത്യ ആദ്യമായി നിര്‍മിച്ച വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈന ശ്രമിച്ചതായി റിപ്പോര്‍ട്ട്. നീരണിയിക്കല്‍ ചടങ്ങു നടന്ന ദിവസം ദൂരദര്‍ശന്‍ ഐഎന്‍എസ് വിക്രാന്തിനുള്ളില്‍നിന്നു പകര്‍ത്തിയ ദൃശ്യങ്ങള്‍ നേടിയെടുക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ഏജന്‍സികള്‍ ശ്രമിച്ചതായുള്ള വിവരങ്ങളാണു പുറത്തുവന്നിരിക്കുന്നത്. ചൈനീസ് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ചൈനീസ് സെന്‍ട്രല്‍ ടെലിവിഷന്റെ (സിസിടിവി) പ്രതിനിധി എന്ന നിലയില്‍ ഒരാളാണ് ദൃശ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ കൊച്ചിയിലെ നേവല്‍ അധികൃതരെ ഫോണില്‍ ബന്ധപ്പെട്ടത്. ദൂരദര്‍ശന്‍ റിപ്പോര്‍ട്ടറേയും ഇയാള്‍ ഫോണില്‍ വിളിച്ചിരുന്നു.

 

ദൂര്‍ദര്‍ശന്‍ ചിത്രീകരിച്ച വിശദമായ ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭിക്കുമോ എന്നയിരുന്നു ഇയാളുടെ ചോദ്യം. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടാന്‍ മറ്റു മാര്‍ഗങ്ങളുള്ളപ്പോള്‍ മാധ്യമപ്രവര്‍ത്തകനെന്ന പേരില്‍ നേരിട്ടു ബന്ധപ്പെട്ടതില്‍ സംശയം തോന്നിയതിനാല്‍ നാവിക ഉദ്യോഗസ്ഥര്‍ അനുവാദം നല്‍കിയില്ല. ഇക്കാര്യം ഉടന്‍തന്നെ നാവിക ആസ്ഥാനത്തും പ്രതിരോധ മന്ത്രാലയത്തിലും അറിയിക്കുകയും ചെയ്തു. റിപ്പോര്‍ട്ട് ആദ്യം നിഷേധിച്ച സിസിടിവി അധികൃതര്‍ പിന്നീട് തങ്ങളുടെ മുംബൈ പ്രതിനിധി ഇത്തരത്തില്‍ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചിരുന്നുവെന്നു സമ്മതിച്ചു.
ആഗസ്റ്റ് പന്ത്രണ്ടിനാണ ഐഎന്‍എസ് വിക്രാന്ത് കൊച്ചിയില്‍ നീറ്റിലിറക്കിയത്. ഇതിന്റെ തലേദിവസമാണ് ചൈന ശ്രമം നടത്തിയത്.
ഇന്ത്യയുടെ അതിര്‍ത്തി ലംഘിച്ച് ചൈനീസ് സൈന്യം കടന്നുകയറിയതും ഓഗസ്റ്റ് പതിനൊന്നാം തീയതിയാണ്. ചൈനയുടെ പീപ്പിള്‍സ് ആര്‍മി അരുണാചല്‍ പ്രദേശിലെ ചാഗ്ലഹാം പ്രദേശത്ത് 20.കിലോമീറ്ററോളം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് തള്ളിക്കയറിയതും ഈ ദിവസമാണ്. അവര്‍ നാല് ദിവസം അവിടെ തങ്ങുകയും ചെയ്തു.
ഇന്ത്യന്‍ നേവി രൂപകല്‍പന ചെയ്ത് കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മ്മിച്ചതാണ് ഐഎന്‍എസ് വിക്രാന്ത്. ഇതില്‍ അത്യാധുനിക പടക്കോപ്പുകളും, ദീര്‍ഘദൂര മിസൈലുകളും,  റഡാര്‍ സംവിധാനങ്ങളുമുണ്ട്. കപ്പലില്‍ ഉപയോഗിക്കുന്ന കേബിള്‍ സംവിധാനം, 2500 കിലോമീറ്റര്‍ നീളം വരുന്നതാണ്. 2300-ഓളം മുറികളും അറകളുമുണ്ട്. 450 നാവികര്‍ക്ക് ജീവിക്കാന്‍ ആവശ്യമുള്ള എല്ലാ സംവിധാനങ്ങളുമുണ്ട്.

You must be logged in to post a comment Login