ഐഎസിനെ വെട്ടി സിറിയയില്‍ വേരുറപ്പിക്കാന്‍ അല്‍ ഖായിദ പദ്ധതി

Ayman-al-Zawahri
വാഷിങ്ടണ്‍: പഴയകാല പ്രതാപത്തിന്റെ നിഴല്‍ മാത്രമായി മാറിയ കുപ്രസിദ്ധ ഭീകരസംഘടനയായ അല്‍ ഖായിദ, ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ശക്തികേന്ദ്രമായ സിറിയയിലേക്ക് പ്രവര്‍ത്തന മണ്ഡലം മാറ്റാന്‍ ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ട്. സിറിയയിലാണ് സംഘടനയുടെ ഭാവിയെന്ന തിരിച്ചറിവിനെത്തുടര്‍ന്നാണ് അല്‍ ഖായിദയുടെ ചുവടുമാറ്റമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി സംഘടനയിലെ മുതിര്‍ന്ന അംഗങ്ങളില്‍ പത്തോളം പേരെ അല്‍ ഖായിദ സിറിയയിലേക്ക് അയച്ചുകഴിഞ്ഞതായും യുഎസ്, യൂറോപ്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

സിറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ബദ്ധശത്രുക്കളാണ് അല്‍ ഖായിദ. ഇസ്‌ലാമിക് സ്റ്റേറ്റുമായി പോരടിച്ച് നില്‍ക്കുന്നതിന് സിറിയയില്‍ അല്‍ ഖായ്ദയുടെ അടിസ്ഥാനം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് മുതിര്‍ന്ന പ്രവര്‍ത്തകരെ സിറിയയിലേക്ക് അയച്ചതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഐഎസിന് ബദലായി സിറിയയില്‍ അല്‍ ഖായ്ദയുടെ സ്വാധീനം ശക്തിപ്പെടുത്തുകയാണ് സംഘടനയുടെ ലക്ഷ്യം.

പാക്കിസ്ഥാനിലുള്ള അല്‍ ഖായിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയാണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

You must be logged in to post a comment Login