ഐഎസ്ആര്‍ഒ ചാരക്കേസ് ഈ വിധമാക്കിയത് മുന്‍ ഡിജിപി സിബി മാത്യൂസ്; എന്തുചെയ്താലും രക്ഷപ്പെടാമെന്ന പൊലീസിന്റെ ചിന്ത മാറട്ടെ: ചരിത്രവിധിയില്‍ സന്തോഷം: നമ്പി നാരായണന്‍

 

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നിര്‍ണ്ണായക വിധിക്ക് പിന്നാലെ പ്രതികരണവുമായി മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. മുന്‍ ഡിജിപി: സിബി മാത്യൂസാണ് ഐഎസ്ആര്‍ഒ ചാരക്കേസ് ഈ വിധമാക്കിയതെന്ന് നമ്പിനാരായണന്‍ പറഞ്ഞു. എന്തുചെയ്താലും രക്ഷപെടാം എന്ന പൊലീസിന്റെ ചിന്ത മാറാന്‍ ഈ വിധി വഴിയൊരുക്കും. ചരിത്രവിധിയാണ് ഉണ്ടായത്. സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ട്.

സിബിഐ അന്വേഷണമാണ് ആഗ്രഹിച്ചതെന്നും ജുഡീഷ്യല്‍ അന്വേഷണം വഴുതിപ്പോകുമോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിധി പൂര്‍ണമായി അറിഞ്ഞശേഷം വിശദമായ പ്രതികരണം നല്‍കാമെന്നും അദ്ദേഹം വിശദീകരിച്ചു. നഷ്ടപരിഹാരം ഉദ്യോഗസ്ഥരില്‍ നിന്നാണ് ഈടാക്കുന്നതെങ്കില്‍ അത് ശിക്ഷ തന്നെയാണ്.

ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് സുപ്രീംകോടതി ഉത്തരവ്. അറസ്റ്റ് അനാവശ്യമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അറസ്റ്റുചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണോയെന്ന് അന്വേഷിക്കാന്‍ സുപ്രീം കോടതി റിട്ടയേഡ് ജസ്റ്റിസ് ഡി.കെ.ജയിന്‍ അധ്യക്ഷനായ സമിതിയേയും കോടതി നിയോഗിച്ചു . കേന്ദ്ര,സംസ്ഥാന പ്രതിനിധികളും സമിതിയില്‍ അംഗങ്ങളായിരിക്കും. ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും. മുന്‍ ഡി.ജി.പി. സിബി മാത്യൂസ്, പൊലീസ് ഉദ്യോഗസ്ഥരായിരുന്ന കെ.കെ.ജോഷ്വ, എസ്.വിജയന്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യപ്പെട്ടാണ് നമ്പി നാരായണന്‍ കോടതിയെ സമീപിച്ചത്.

വിധിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് മുന്‍ ഡിജിപി: സിബി മാത്യൂസ് പറഞ്ഞു. വിധി യുക്തിരഹിതമെന്ന് മുന്‍ ഡിവൈഎസ്പി ജോഷ്വ പറഞ്ഞു. നഷ്ടപരിഹാരക്കേസുകളിലൊന്നും താന്‍ എതിര്‍കക്ഷിയല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ജുഡീഷ്യല്‍ അന്വേഷണവുമായി അറിയാവുന്ന കാര്യങ്ങള്‍ പങ്കിടാന്‍ തയാറാണെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. സിബി മാത്യൂസുമായി അടുപ്പമുള്ളത് ആര്‍ക്കാണെന്ന് അന്വേഷിച്ചാല്‍ മാത്രം മതി. അത് പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാകുമെന്നും പത്മജ പറഞ്ഞു.

You must be logged in to post a comment Login