ഐഎസ്എല്ലില്‍ ഫാന്‍ പാര്‍ക്കുകള്‍; സ്വപ്‌നം കണ്ട് ആരാധകര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏറ്റവും വിജയകരമായ പരിഷ്‌കാരങ്ങളില്‍ ഒന്നായിരുന്നു ഫാന്‍ പാര്‍ക്കുകള്‍. 2015ല്‍ ആരംഭിച്ച ഫാന്‍പാര്‍ക്ക് പരീക്ഷണത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ സ്വീകര്യതയാണ് ലഭിച്ചത്. എവേ മത്സരങ്ങളില്‍ സ്വന്തം ടീമിനെ അനുഗമിക്കാന്‍ പലരും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ഫാന്‍ പാര്‍ക്കുകള്‍ നടത്തിയാല്‍ ആരാധകര്‍ക്ക് ഒരുമിച്ചിരുന്ന് ടീമിനെ പിന്തുണയ്ക്കാമെന്നാണ് ആരാധകര്‍ പറയുന്നത്. നിലവില്‍ കേരളത്തില്‍ ചില ആരാധകക്കൂട്ടങ്ങള്‍ വലിയ സ്‌ക്രീനില്‍ മത്സരങ്ങള്‍ കാണിക്കുന്നുണ്ടെങ്കിലും ഫാന്‍ പാര്‍ക്ക് എന്ന സങ്കല്‍പം ഇതുവരെ ഐഎസ്എല്ലില്‍ എത്തിയിട്ടില്ല.

സ്റ്റേഡിയത്തില്‍ കളി കാണുന്നപോലെ വലിയ മൈതാനത്ത് സ്‌ക്രീനില്‍ കളി പ്രദര്‍ശിപ്പിക്കുന്നതാണ് ഫാന്‍ പാര്‍ക്കിലെ സവിശേഷത. ആവേശം പകരാന്‍ മ്യൂസിക്, ഫുഡ് എന്നിവയും ഉണ്ടാകും. വിദേശ ലീഗുകളില്‍ ഇത്തരം ഫാന്‍ പാര്‍ക്കുകള്‍ സാധാരണമാണ്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ തലവര മാറ്റിയ ഐഎസ്എല്ലിലും ഫാന്‍ പാര്‍ക്കുകള്‍ ആരംഭിക്കണമെന്ന ആവശ്യം ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം എഡിഷന്‍ സെപ്റ്റംബര്‍ അവസാനത്തോടെ തുടങ്ങും. സെപ്റ്റംബര്‍ 29ന് തുടങ്ങുന്ന ടൂര്‍ണമെന്റിന് ഇത്തവണ ആറ് മാസത്തോളം ദൈര്‍ഘ്യമുണ്ടാകും. 2019 മാര്‍ച്ച് പകുതിയോടെയാകും ഐഎസ്എല്‍ സമാപിക്കുക. ഇഎന്നാല്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ ഉണ്ടാകില്ല എന്നതാകും ഇത്തവണത്തെ പ്രത്യേകത. മത്സരത്തിന് മൂന്ന് ഇടവേളകളുണ്ടാകും എന്ന പ്രത്യേകതയുമുണ്ട്.

ഇന്ത്യന്‍ ടീമിന്റെ രണ്ട് സൗഹൃദ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ഒക്ടോബറിലും നവംബറിലും ചെറിയ ഇടവേളയും അരങ്ങേറുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യ കളിക്കുന്നതുമൂലം വലിയൊരു ഇടവേളയ്ക്കും ടൂര്‍ണമെന്റ് സാക്ഷ്യം വഹിക്കും. ഡിസംബര്‍ പകുതിയോടെ നിര്‍ത്തിവെക്കുന്ന ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ ഫെബ്രുവരി വരെ ആരാധകര്‍ കാത്തിരിക്കേണ്ടിവരും.അതെസമയം അഞ്ചാം സീസണില്‍ പുതിയ ടീമുകള്‍ക്ക് ഐഎസ്എല്‍ പ്രവേശനം സാധ്യമാകില്ല.

ഐഎസ്എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡ് ഈ വര്‍ഷം പുതിയ ടീമുകളെ ക്ഷണിക്കേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ കൊല്‍ക്കത്ത വമ്പന്‍മാരായ ഈസ്റ്റ് ബംഗളിന്റെ ഐഎസ്എല്‍ മോഹങ്ങള്‍ക്ക് ഈ സീസണില്‍ മങ്ങലേറ്റു. കഴിഞ്ഞ വര്‍ഷം നടന്ന സൂപ്പര്‍ കപ്പില്‍ രണ്ടാമതെത്താന്‍ ഈസ്റ്റ് ബംഗാളിന് കഴിഞ്ഞിരുന്നു. ഇതോടെ ടീമിലേക്ക് വലിയ നിക്ഷേപമാണ് എത്തിയത്.

അതെസമയം, ഐഎസ്എല്‍ അഞ്ചാം സീസണായി വിവിധ ക്ലബുകള്‍ കൈമെയ് മറന്നുളള ഒരുക്കത്തിലാണ്. ഇന്ത്യയിലെ തന്നെ ആദ്യ പ്രീസീസണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് ബ്ലാസ്റ്റേഴ്‌സും സ്പാനിഷ് പര്യടനം നടത്തുന്ന ബെംഗളൂരു എഫ്‌സിയുമാണ് വലിയ മുന്നൊരുക്കം നടത്തുന്നത്.

You must be logged in to post a comment Login