ഐഒസി സമരം തീര്‍ക്കാന്‍ നാളെ ചര്‍ച്ച; ഇന്ധന ക്ഷാമം രൂക്ഷം

indian-oil

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ സമരം തീര്‍ക്കാന്‍ നാളെ വീണ്ടും ചര്‍ച്ച. ടാങ്കര്‍ ഉടമകളും തൊഴിലാളികളുമായി ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ നാളെ വൈകിട്ട് തിരുവനന്തപുരത്തു വെച്ചാണു ചര്‍ച്ച. ഐഒസിയുടെ കൊച്ചി, കോഴിക്കോട് ടെര്‍മിനലുകളിലെ ടാങ്കര്‍ ലോറി തൊഴിലാളികളാണു നാലു ദിവസമായി സമരം നടത്തുന്നത്. ഇതോടെ സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷമായി.

മിക്ക ഐഒസി പമ്പുകളിലും ഇന്ധനം തീര്‍ത്ത അവസ്ഥയിലാണ്. തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളിലെ ഏവിയേഷന്‍ ഇന്ധന വിതരണത്തെയും സമരം ബാധിക്കുന്നു. ഇന്ധനം നീക്കം നിലച്ചതോടെ മിക്ക ഐഒസി പമ്പുകളും ഇന്നലെ വൈകീട്ടോടെ അടച്ചു. ശേഷിക്കുന്നവ ഇന്നു പൂട്ടും.

സംസ്ഥാനത്ത് 40 ശതമാനം വരുന്ന ഐഒസി പമ്പുകളിലും ഇന്ധനം തീര്‍ന്നതോടെ മറ്റ് പമ്പകളില്‍ തിരക്ക് നിയന്ത്രണാതീതമായി. കരാര്‍ വ്യവസ്ഥയിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണു ടാങ്കര്‍ തൊഴിലാളികളും ഉടമകളും സമരം ആരംഭിച്ചത്. കഴിഞ്ഞ ദിവസം മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഒത്തുതീര്‍പ്പു ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

എഒസി മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകുന്നതുവരെ സമരം തുടരാനാണ് ടാങ്കര്‍ ഉടമകളുടെയും തൊഴിലാളികളും തീരുമാനം. തിരുവനന്തപുരം കൊച്ചി വിമാനത്താവളങ്ങളിലേക്കുള്ള ഏവിേയഷന്‍ ഇന്ധനവും ഇരുമ്പനത്ത് നിന്നുമാണെത്തിക്കുന്നത് സമരം തുടര്‍ന്നാല്‍ വിമാനത്താവളങ്ങളെയും ബാധിച്ചേക്കും.

You must be logged in to post a comment Login