‘ഐജിയോട് വേണ്ട കളി; നീയൊക്കെ എന്താ ഓര്‍ത്തേ?’;പ്രതിഷേധക്കാര്‍ക്കെതിരെ രോഷാകുലനായി മനോജ് എബ്രഹാം (വീഡിയോ)

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ അടക്കമുളളവര്‍ക്കെതിരെ പൊലീസ് നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനെത്തിയവരെ ഐജി മനോജ് എബ്രഹാം നേരിട്ടത് ഭീഷണിപ്പെടുത്തി. തിരുവനന്തപുരം പേരുര്‍ക്കട ജില്ലാ ആശുപത്രിയിലായിരുന്നു പ്രതിഷേധക്കാര്‍ക്കെതിരെയുളള പൊലീസിന്റെ ഭീഷണി അരങ്ങേറിയത്. പൊലീസ് കസ്റ്റഡിയില്‍ എടുത്ത ജിഷ്ണുവിന്റെ അമ്മ മഹിജയെയും മറ്റുളളവരെയും പൊലീസ് പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ കൊണ്ടുവന്നിരുന്നു. മഹിജയ്ക്ക് ദേഹാസാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ഇവരെ കാണാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ എത്തുമെന്നും അറിയിപ്പ് കിട്ടിയിരുന്നു.

ഇതോടെയാണ് പ്രതിഷേധവുമായി കോണ്‍ഗ്രസ്, ബിജെപി, യുവമോര്‍ച്ച, കെഎസ്‌യു പ്രവര്‍ത്തകര്‍ എത്തുന്നത്. ആദ്യം ആശുപത്രിയില്‍ എത്തിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഐജി മനോജ് എബ്രഹാം ആയിരുന്നു. പ്രതിഷേധക്കാര്‍ ഐജിക്കെതിരെയും പൊലീസിനെതിരെയും കടുത്ത മുദ്രാവാക്യങ്ങളാണ് വിളിച്ചത്. ഐജിയെ തടയാനും പ്രതിഷേധക്കാര്‍ ശ്രമിച്ചു. പിന്നാലെയാണ് ആശുപത്രിയിലേക്കുളള വഴിയിലിരുന്ന് തടയാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്കെതിരെ രോഷാകുലനായി മനോജ് എബ്രഹാം പാഞ്ഞടുക്കുന്നതും ഐജിയോട് വേണ്ട കളിയെന്ന് ഭീഷണിപ്പെടുത്തുന്നതും.

നീയൊക്കെ എന്താ ഓര്‍ത്തെ എന്നും സംസാരിക്കേണ്ട പോലെ സംസാരിക്കണമെന്നും മനോജ് എബ്രഹാം പ്രതിഷേധക്കാരോട് പറയുന്നുണ്ട്. ഉചിതമായ ഒരു തീരുമാനം ഇതിനുവേണമെന്ന് പ്രതിഷേധക്കാര്‍ പറയുമ്പോള്‍ ഇങ്ങനെയാണോടാ സംസാരിക്കുന്നതെന്നും പറഞ്ഞ് തട്ടിക്കയറുകയാണ് മനോജ് എബ്രഹാം.

You must be logged in to post a comment Login