ഐടി മേഖലയ്ക്ക് ഇനി പ്രതിസന്ധിയുടെ കാലം

Related image

മുംബൈ: ഇന്ത്യയിലെ ഐടി മേഖലയ്ക്ക് പുതുവര്‍ഷത്തിലും പ്രതിസന്ധികള്‍ വിട്ടൊഴിയില്ലെന്നാണ് സൂചന. 2016ല്‍ പല പ്രതിസന്ധികളും ഉണ്ടായിരുന്നെങ്കില്‍ പോലും 143 ബില്യണ്‍ ഡോളറിന്റെ വ്യവസായമാണ് ഈ മേഖലയില്‍നടന്നത്.

ബ്രക്‌സിറ്റ് സൃഷ്ടിച്ച പ്രതിസന്ധി പുതുവര്‍ഷത്തിലും ഇന്ത്യന്‍ ഐടി മേഖലയെ വിടാതെ പിന്തുടരും. ഇന്‍ഫോസിസ്, വിപ്രോ, ടി.സി.എസ് പോലുള്ള കമ്പനികള്‍ ബ്രക്‌സിറ്റ് മൂലം യൂറോപ്പിലെ പല പ്രോജക്ടുകള്‍ക്കും മാറ്റം വരുത്തി. ഇന്‍ഫോസിന് റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലെന്റുമായി കരാറുണ്ടായിരുന്നു. ബ്രക്‌സിറ്റ് പശ്ചാത്തലത്തില്‍ പ്രോജക്ടില്‍ ജോലി ചെയ്തിരുന്ന 3000ത്തോളം ജീവനക്കാരെ കമ്പനിക്ക് പിരിച്ചു വിടേണ്ടി വന്നു.

അമേരിക്കയില്‍ ട്രംപിന്റെ വിജയവും മേഖലയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. എച്ച്1 ബി വിസയുടെ കാര്യത്തില്‍ നിലപാട് കര്‍ശനമാക്കുമെന്ന ട്രംപ് പറഞ്ഞിട്ടുണ്ട്. അധികാരമേറ്റെടുത്ത ഉടന്‍ ഇതിനുള്ള നിയമ നിര്‍മാണം നടത്തുമെന്നാണ് സൂചന. അതു നടപ്പിലായാല്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നതിന് ഇന്ത്യക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. ഐടി മേഖലയിലെ തൊഴിലുകള്‍ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിന് എതിരെയും ട്രംപ് നടപടികള്‍ സ്വീകരിക്കും. ഈ ഘടകങ്ങളെല്ലാം ഐടി മേഖലക്ക് തിരിച്ചടിയുണ്ടാക്കും.

You must be logged in to post a comment Login