ഐഡിയ പ്രീപെയ്ഡ് റീചാര്‍ജുകള്‍ ഇനി കേരളത്തില്‍ പോസ്റ്റ് ഓഫീസുകള്‍ വഴി ലഭിക്കും

കൊച്ചി : കേരളത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഓപ്പറേറ്ററായ ഐഡിയ സെല്ലുലാറിന്റെ പ്രീപെയ്ഡ് റീചാര്‍ജുകള്‍ കേരളത്തിലെ മുഴുവന്‍ പോസ്റ്റ് ഓഫീസുകള്‍ വഴിയും ഇനി ലഭിക്കും. സംസ്ഥാനത്തെ ഇ-ഗവേര്‍ണന്‍സ് സംരംഭത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തുന്ന ഇത് ഐഡിയയുടെ സര്‍വീസ് നെറ്റ്‌വര്‍ക്കിനെ വിപുലപ്പെടുത്താനും സഹായിക്കും.ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു പങ്കാളിത്ത സംരംഭം. കേരളത്തിലെ 1505 കമ്പ്യൂട്ടര്‍വല്‍കൃത പോസ്റ്റ് ഓഫീസുകളില്‍ നിന്ന് പ്രീപെയ്ഡ് മൊബൈല്‍ കണക്ഷനുകള്‍ക്കുള്ള റീചാര്‍ജുകള്‍ വാങ്ങാന്‍ സംസ്ഥാനത്തെ 90 ലക്ഷത്തിലേറെ വരുന്ന ഐഡിയ വരിക്കാര്‍ക്ക് ഇത് അവസരം നല്‍കും. സംസ്ഥാനത്തെ വിദൂര സ്ഥലങ്ങളിലുള്ള ഐഡിയ ഉപയോക്താക്കള്‍ക്ക് ഏത് തുകയിലുള്ള റീചാര്‍ജും തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തി നടത്താനാകും. തുടക്കത്തില്‍ 389 ദക്ഷിണ മേഖലാ പോസ്റ്റ് ഓഫീസുകളില്‍ 125 ഇടങ്ങളില്‍ വിവിധ തുകകളിലുള്ള ഫ്‌ളെക്‌സി റീചാര്‍ജുകള്‍ ലഭ്യമാക്കും. ഇത് പിന്നീട് സംസ്ഥാനത്തെ മുഴുവന്‍ കമ്പ്യൂട്ടര്‍വല്‍കൃത പോസ്റ്റ് ഓഫീസുകളിലേക്കും വ്യാപിപ്പിക്കും.
പോസ്റ്റ് ഓഫീസ് വഴിയുള്ള ഐഡിയ റീചാര്‍ജിന് മൂന്ന് ലളിത ഘട്ടങ്ങളാണുള്ളത്. വച്ചിട്ടുള്ള രജിസ്റ്ററില്‍ ഉപഭോക്താവ് മൊബൈല്‍ നമ്പറും റീചാര്‍ജ് തുകയും എഴുതണം. കൗണ്ടര്‍ സ്റ്റാഫ് തുടര്‍ന്ന് ഐഡിയയുടെയും ഇന്ത്യ പോസ്റ്റിന്റെയും ഓണ്‍ലൈന്‍ ഇന്റര്‍ഫേസ് ഉപയോഗിച്ച് ഫോണ്‍ റീചാര്‍ജ് ചെയ്യും. റീചാര്‍ജ് ആയതായി ഒരു സ്ഥിരീകരണ എസ്എംഎസ് ലഭിച്ചാല്‍ പണം നല്‍കുന്നതോടെ ഇടപാട് പൂര്‍ത്തിയാകും.

You must be logged in to post a comment Login