നിയമം മയപ്പെടുത്തി; ദുബായില്‍ ഇനി റംസാന്‍ നാളുകളിലും മദ്യം വില്‍ക്കാം

എന്നിരുന്നാലും റമദാന്‍ മാസത്തിലെ പ്രത്യേക നിയമങ്ങള്‍ അനുസരിക്കണമെന്ന് ടൂറിസ്റ്റുകളോട് അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

rum

റംസാന്‍ മാസത്തില്‍ മദ്യം വില്‍ക്കാന്‍ പാടില്ലെന്ന നിര്‍ദേശം മയപ്പെടുത്തി ദുബായ്. ഇനി മുതല്‍ റംസാന്‍ നാളുകളില്‍ പകല്‍ സമയത്ത് മദ്യം വില്‍ക്കുന്നതിന് തടസ്സമുണ്ടാകില്ല. എന്നാല്‍ പകല്‍ സമയത്ത് മദ്യം ഉപയോഗിക്കുന്നതിനുള്ള വിലക്ക് നിലനില്‍ക്കും.

പാശ്ചാത്യരാജ്യങ്ങളില്‍ നിന്നും എമിറേറ്റ്‌സ് സന്ദര്‍ശിക്കാന്‍ എത്തുന്ന  ടൂറിസ്റ്റുകള്‍ക്കും മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്കും പുതിയ തീരുമാനം വഴി പ്രയോജനം ലഭിക്കും.

ദുബായിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കററ്റിംഗ് വിഭാഗമാണ് ഇത് സംബന്ധിച്ച നോട്ടീസ് പുറത്തിറക്കിയത്. ലോകോത്തര നിലവാരമുള്ള ടൂറിസ്റ്റ് കേന്ദ്രമാക്കി ദുബായിയെ നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തിലാണ് ദുബായ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്.

എന്നിരുന്നാലും റമദാന്‍ മാസത്തിലെ പ്രത്യേക നിയമങ്ങള്‍ അനുസരിക്കണമെന്ന് ടൂറിസ്റ്റുകളോട് അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ലൈസന്‍സ് ഇല്ലാതെ മദ്യം കൈവശം വയ്ക്കുന്നതും കൊണ്ട് നടക്കുന്നതും ദുബായില്‍ ക്രിമിനല്‍ കുറ്റമാണ്.

മദ്യം ഇറക്കുമതി ചെയ്യുന്നതിന് ഇപ്പോഴും ഉയര്‍ന്ന ടാക്‌സ് നിരക്കാണ് ദുബായ് ഈടാക്കുന്നത്. 50% ഇറക്കുമതി തീരുവ കൂടാതെ 30% മുനിസിപ്പാലിറ്റി ടാക്‌സ് കൂടി നല്‍കണം. പത്ത് ലക്ഷത്തോളം ആളുകളാണ് ദുബായ് സന്ദര്‍ശിക്കാന്‍ റംസാന്‍ മാസങ്ങളില്‍ ദുബായില്‍ എത്തുന്നത് എന്നാണ് കണക്കുകള്‍. പുതിയ തീരുമാനത്തിലൂടെ ടാക്‌സ് ഇനത്തിലുള്ള വരുമാന വര്‍ധനവാണ് ദുബായ് ലക്ഷ്യമിടുന്നത് എന്നാണ് സൂചന.

You must be logged in to post a comment Login