ഐന്‍സ്റ്റീനാണ് ശരി; ഗുരുത്വ തരംഗത്തിന്റെ സാന്നിധ്യം ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു

ഇതുവരെ കാണാത്ത ഒരു പ്രപഞ്ചത്തെയായിരിക്കും ഗുരുത്വ തരംഗത്തിന്റെ കണ്ടെത്തലിലൂടെ അനാവരണം ചെയ്യാന്‍ കഴിയുകയെന്നു ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു.


univerce

ന്യുയോര്‍ക്ക്: ഒരു നൂറ്റാണ്ടു മുന്‍പ് ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ സൂചിപ്പിച്ച ഗുരുത്വ തരംഗത്തിന്റെ സാന്നിധ്യം ശാസ്ത്രജ്ഞര്‍ പരീക്ഷണശാലയില്‍ സ്ഥിരീകരിച്ചു. പ്രപഞ്ചോല്‍പത്തി മുതലുള്ള കാര്യങ്ങളിലേക്കു ശാസ്ത്രലോകത്തെ തിരികെക്കൊണ്ടുപോകാന്‍ സഹായിക്കുന്ന വിപ്ലവകരമായ കണ്ടെത്തലാണു ലോകരാജ്യങ്ങളിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മ പുറത്തുവിട്ടത്. പതിറ്റാണ്ടുകളായി നടത്തിക്കൊണ്ടിരുന്ന പരീക്ഷണങ്ങളുടെ ഫലമാണു പുറത്തുവന്നിരിക്കുന്നത്.

യുഎസ് നാഷനല്‍ സയന്‍സ് ഫൗണ്ടേഷന്‍ ശാസ്ത്രജ്ഞര്‍ ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണു ഗുരുത്വ തരംഗത്തെ കൈപ്പിടിയിലൊതുക്കിയതായി പ്രഖ്യാപിച്ചത്. 2015 സെപ്റ്റംബര്‍ 12ന് ആണു ഗുരുത്വ തരംഗത്തിന്റെ സാന്നിധ്യം ആദ്യമായി ദൃശ്യമായത്. 1300 കോടി പ്രകാശവര്‍ഷം അകലെയുള്ള രണ്ടു തമോഗര്‍ത്തങ്ങളുടെ കൂട്ടിയിടിയെ തുടര്‍ന്ന് ഉണ്ടായ ഗുരുത്വ തരംഗമാണു പരീക്ഷണശാലയില്‍ കണ്ടെത്തിയത്.

ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷനല്‍ വേവ് ഒബ്‌സര്‍വേറ്ററി (ലിഗോ) പരീക്ഷണശാലയില്‍ ഒരു പ്രോട്ടോണിന്റെ ആയിരത്തില്‍ ഒരുഭാഗം വലുപ്പത്തിലുള്ള വ്യതിയാനം സൃഷ്ടിക്കാന്‍ ആ തരംഗത്തിനു കഴിഞ്ഞതായി ലിഗോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് റെയ്റ്റ്‌സെ അറിയിച്ചു.

ഇതുവരെ കാണാത്ത ഒരു പ്രപഞ്ചത്തെയായിരിക്കും ഗുരുത്വ തരംഗത്തിന്റെ കണ്ടെത്തലിലൂടെ അനാവരണം ചെയ്യാന്‍ കഴിയുകയെന്നു ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു. പുസ്തകത്താളുകളിലും സമവാക്യങ്ങളിലും മാത്രം ഒതുങ്ങിനിന്ന പ്രപഞ്ച രഹസ്യങ്ങളെ നേരിട്ടുകാണാന്‍ കഴിയുന്ന കണ്ടെത്തലാണിതെന്നു ലിഗോ കൂട്ടായ്മയിലെ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.

You must be logged in to post a comment Login