ഐപിഎല്‍; കൊല്‍ക്കത്തയെ പിടിച്ചു കെട്ടി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി പഞ്ചാബ്


മൊഹാലി : മുന്‍ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 14 റണ്‍സിന് പരാജയപ്പെടുത്തി കിങ്‌സ് ഇലവന്‍ പഞ്ചാബ് ഐപിഎല്‍ പ്ലേ ഓഫ് റൗണ്ട് പ്രതീക്ഷ സജീവമാക്കി. ജയിക്കാന്‍ 168 റണ്‍സ് മതിയായിരുന്ന കൊല്‍ക്കത്തയെ ബൗളിങ് മികവില്‍ പഞ്ചാബ് 153 ന് പിടിച്ചുകെട്ടുകയായിരുന്നു. 52 പന്തില്‍ 84 റണ്‍സെടുത്ത് ഓസ്‌ട്രേലിയന്‍ താരം ക്രിസ്‌ലിന്‍ ഉജ്വല പ്രകടനം കാഴ്ചവെച്ചിട്ടും കൊല്‍ക്കത്തവിജയം കൈവിട്ടു. സമ്മര്‍ദ്ദഘട്ടത്തില്‍ വിലപ്പെട്ട രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയ പേസ് ബൗളര്‍ മോഹിത് ശര്‍മയാണ് കളിയിലെ കേമന്‍.

മുംബൈ ഇന്ത്യന്‍സ്, റൈസിങ് പുണെ സൂപ്പര്‍ജയന്റ് ടീമുകളുമായിട്ടാണ് പഞ്ചാബിന്റെ ഇനിയുള്ള മത്സരം. ഇതു രണ്ടും ജയിച്ചാല്‍ പഞ്ചാബിന് മുന്നേറാനാവും. തോറ്റാല്‍ ടൂര്‍ണമെന്റിന്റെ പ്ലേ ഓഫ് റൗണ്ടിലെത്താതെ പുറത്താകുമായിരുന്ന പഞ്ചാബ് ബാറ്റിങ്ങില്‍ ശോഭിക്കാതിരുന്നിട്ടും ബൗളിങ് കരുത്തില്‍ വിജയതീരമണയുകയായിരുന്നു. ജയിക്കാനാവശ്യമായ റണ്ണിന്റെ പകുതിയോളം ലിന്‍ ഒറ്റക്ക് നേടിയിട്ടും മറ്റാരും അവസരത്തിനൊത്തുയരാതിരുന്നത് കൊല്‍ക്കത്തയുടെ തോല്‍വിക്ക് കാരണമായി. അവസാന ഓവറുകളില്‍ മോഹിത് ശര്‍മയും സന്ദീപ് ശര്‍മയും മാറ്റ് ഹെന്റിയും വീശിയടിക്കാന്‍ അവസരം നിഷേധിച്ച് ബൗള്‍ ചെയ്തപ്പോള്‍ കൊല്‍ക്കത്തക്ക് പ്രതീക്ഷിച്ച വിജയമാണ് കൈമോശം വന്നത്. തിവാടിയയും മോഹിത്തും രണ്ടു വിക്കറ്റ് വീതം നേടി. ഹെന്റിക്ക് ഒരു വിക്കറ്റുണ്ട്. നരെയ്ന്‍(18), ഗംഭീര്‍(8), ഉത്തപ്പ(0), മനീഷ് പാണ്ഡെ(18), ഗ്രാന്ദോം(11*), യൂസഫ് പഠാന്‍(2) എന്നിവര്‍ നിരാശപ്പെടുത്തി.

ക്യാപ്റ്റന്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍(25 പന്തില്‍ 44), വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ(33 പന്തില്‍ 38), മനന്‍ വോറ(16 പന്തില്‍ 25), മാര്‍ട്ടിന്‍ ഗപ്ടില്‍(16 പന്തില്‍ 12), ഷോണ്‍ മാര്‍ഷ്(10 പന്തില്‍ 11), രാഹുല്‍ തിവാടിയ(8 പന്തില്‍ 15) പഞ്ചാബിന്റെ സ്‌കോറര്‍മാര്‍.

You must be logged in to post a comment Login