ഐപിഎല്‍ വീണ്ടും കേരളത്തിലേയ്ക്ക് ആവേശം കൊച്ചിയില്‍

കൊച്ചി: രാജ്യത്ത് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ 7 ലെ ചില മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാകുവാനുള്ള സാധ്യത തെളിയുന്നു. മേയ് നാലിനും പതിനാലിനും ഇടയ്ക്കു മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്തിയാല്‍ കൊച്ചിക്കു മൂന്നുമത്സരങ്ങള്‍ ലഭിച്ചേക്കും. എന്നാല്‍ അന്തിമതീരുമാനം  ചെന്നൈയില്‍ ചേരുന്ന ഐപിഎല്‍ ഗവേര്‍ണിംഗ് ബോഡിക്കുശേഷമേ ഉണ്ടാകു. കൊച്ചിയെ പരിഗണിക്കണമെന്ന് ഏറെ നാള്‍ മുമ്പെ തന്നെ കെസിഎ ആവശ്യപ്പെട്ടിരുന്നു.


മത്സരങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കേണ്ടതിനാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ സംസ്ഥാനങ്ങളെയാണ് വേദിയായി പരിഗണിക്കുന്നത്. കേരളത്തില്‍ ഏപ്രില്‍ പത്തിന് തെരഞ്ഞെടുപ്പ് കഴിയുന്നതിനാല്‍ മത്സരത്തിനായി തയ്യാറെടുക്കാന്‍ ഐ.പി.എല്‍ ഗവേണിംഗ് ബോഡി കേരള ക്രിക്കറ്റ് അസോസിയേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഐപിഎല്ലിന്റെ ആദ്യഘട്ടത്തിന് വേദിയാകുക യുഎഇയായിയിരിക്കും. തെരഞ്ഞെടുപ്പ് തീരുന്ന സംസ്ഥാനങ്ങളില്‍ മത്സരം നടത്തി ഇന്ത്യയില്‍ നിന്നും പൂര്‍ണമായി ലീഗ് മാറ്റുന്നത് ഒഴിവാക്കുവാനാണ് ബിസിസി ഐ ശ്രമിക്കുന്നത്.
ഏപ്രില്‍ 16ന് തുടങ്ങുന്ന ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടം യുഎഇയിലാണ് നടക്കുന്നത്. മെയ് നാലിന് തുടങ്ങി 16ന് അവസാനിക്കുന്ന രണ്ടാം ഘട്ടത്തിലെ മത്സരങ്ങളോ തുടര്‍ന്നുള്ള കളികളോ ആയിരിക്കും കൊച്ചിയില്‍ നടക്കുക. ഐപിഎല്‍ മത്സരങ്ങള്‍ കേരളത്തില്‍ നടത്താനുള്ള സന്നദ്ധത കേരള ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐയെയും ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലിനെയും അറിയിച്ചിട്ടുണ്ടെന്ന് ടിസി മാത്യു പറഞ്ഞു. എന്നാല്‍ കൊച്ചിയിലെ ഉയര്‍ന്ന നികുതി വേദിയാകുന്നതിന് തിരിച്ചടിയാകും.
എന്നാല്‍ നാളെ നടക്കുന്ന ഗവേണിംഗ് ബോഡിയില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ഐപിഎല്‍ ഇന്ത്യയില്‍ നടത്തുന്നതില്‍ പ്രശ്‌നമില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍, സുരക്ഷാ കാരണങ്ങള്‍ ഓരോ സംസ്ഥാനങ്ങളുമായി സംസാരിച്ച് തീരുമാനിക്കണമെന്നും വ്യക്തമാക്കിയിരുന്നു.
ഏപ്രില്‍ 30 വരെ 16 മത്സരങ്ങള്‍ യുഎഇയിലാകും നടക്കുക. 2009 ലും തെരഞ്ഞെടുപ്പ് മൂലം ഐപിഎല്‍ വിദേശത്തായിരുന്നു നടത്തിയത്. അന്ന് ദക്ഷിണാഫ്രിക്കയായിരുന്നു വേദിയായിരുന്നത്. ഇത്തവണയും ദക്ഷിണാഫ്രിക്കയെ പരിഗണിച്ചെങ്കിലും മുഴുവന്‍ മത്സരങ്ങളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനാല്‍ ദക്ഷിണാഫ്രിക്കയെ ഒഴിവാക്കുകയായിരുന്നു. ഫ്രാഞ്ചൈസികളുടെ എണ്ണം കുറവായതിനാല്‍ ഇത്തവണത്തെ ഐപിഎലില്‍ കളികളുടെ എണ്ണവും കുറവായിരിക്കും.
47 ദിവസം നീളുന്ന ഐപിഎലില്‍ 60 മത്സരങ്ങളുണ്ടാകും. കഴിഞ്ഞതവണ 76 മത്സരങ്ങളായിരുന്നു ഉണ്ടായിരുന്നത്. രാജ്യാന്തര മത്സരങ്ങളിലെ കാണികളുടെ മികച്ച പങ്കാളിത്തമാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌റ്റേഡിയമായ കൊച്ചിക്ക് അനുകൂലമാകുന്ന ഘടകം. അവസാനം നടന്ന രണ്ടു അന്താരാഷ്ട്ര മത്സരങ്ങളും നിറഞ്ഞ ഗാലറിയെ സാക്ഷി നിര്‍ത്തിയായിരുന്നു. നേരത്തെ 2011 ലാണ് ഐ.പി.എല്ലിന് കൊച്ചി വേദിയായത്. അന്ന് കൊച്ചിയുടെ സ്വന്തം ടീമായ കൊച്ചിന്‍ ടസ്‌കേഴ്‌സിന്റെ ഹോംഗ്രൗണ്ട് എന്ന നിലയിലാണ് കൊച്ചിയെ പരിഗണിച്ചത്. ഇപ്പോള്‍ ഡസ്‌കേഴ്‌സ് ഐ.പി.എല്ലില്‍ ഇല്ലെങ്കിലും പൊതുതെരഞ്ഞെടുപ്പ് കൊച്ചിക്ക് തുണയാവുകയായിരുന്നു.
ഇതുവരെ ഒമ്പത് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്കും അഞ്ച് ഐപിഎല്‍ മത്സരങ്ങള്‍ക്കും കൊച്ചി വേദിയായിട്ടുണ്ട്. 2010ലെ മഴയില്‍ ഒലിച്ചുപോയ ഇന്ത്യഓസ്‌ട്രേലിയ പോരാട്ടം ഒഴിച്ചുനിര്‍ത്തിയാല്‍ സംഘാടന മികവുകൊണ്ടും സാമ്പത്തിക ലാഭംകൊണ്ടും മുന്നിലായിരുന്നു എന്നും കൊച്ചി. കൊച്ചി ടസ്‌കേഴ്‌സിന്റെ ഹോം ഗ്രൗണ്ടുമായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം.

You must be logged in to post a comment Login