ഐപിഎൽ മാർച്ച് 29നു തുടങ്ങും; ഫൈനൽ മുംബൈയിൽ

ഇത്തവണ ഐപിഎൽ മത്സരങ്ങൾ മാർച്ച് 29നു തുടങ്ങും. മെയ് 24ന് മുംബൈയിൽ വെച്ച് ഫൈനൽ മത്സരം നടക്കും. നാലു മണിക്കും എട്ടു മണിക്കുമാണ് മത്സരങ്ങൾ നടക്കുക. 8 മണിക്കുള്ള മത്സരം 7.30ന് ആക്കണമെന്ന സ്റ്റാർ സ്പോർട്സിൻ്റെ ആവശ്യം ബിസിസിഐ തള്ളി. രണ്ട് മത്സരങ്ങൾ ആകെ അഞ്ചു ദിവസങ്ങളിൽ മാത്രമാണ് ഉണ്ടാവുക.

സീസൺ ആരംഭിക്കുന്നതിനും മുൻപ് വിദേശ താരങ്ങളെ ഉൾപ്പെടുത്തി ഒരു ചാരിറ്റി മത്സരം നടത്താനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. ഓൾ സ്റ്റാർ ഗെയിം എന്ന് പേരിട്ടിരിക്കുന്ന ഈ മത്സരത്തിൻ്റെ വേദിയോ എന്തിനു വേണ്ടിയുള്ള ചാരിറ്റിയാണെന്നോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇത്തവണ മുതൽ ഐപിഎല്ലിൽ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

നേരത്തെ, ഐപിഎല്ലിൽ 9 ടീമുകൾ ഉണ്ടാവുമെന്ന സൂചന ഉണ്ടായിരുന്നു. 2022 വരെ 9 ടീമുകളും 2023 മുതൽ 10 ടീമുകളും ലീഗിലുണ്ടാവുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഐസിസിയുടെ എഫ്ടിപി (ഫ്യൂച്ചർ ടൂർ പ്രോഗ്രാം) ഇനി 2023ലാണുള്ളത്. നിലവിലെ കലണ്ടർ പരിഗണിക്കുമ്പോൾ 9 ടീമുകളടങ്ങുന്ന 76 മാച്ചുകൾ സംഘടിപ്പിക്കാൻ ബുദ്ധിമുട്ടില്ലെന്നും ബിസിസിഐ പ്രതിനിധി അറിയിച്ചുവെന്നും സൂചന ഉണ്ടായിരുന്നു.

അതേ സമയം, ഓവർ സ്റ്റെപ്പ് നോ ബോൾ ഇനി മുതൽ തേർഡ് അമ്പയറാവും തീരുമാനിക്കുക എന്ന് നേരത്തെ തീരുമാനമായിരുന്നു.

You must be logged in to post a comment Login