ഐഫോണ്‍ 6 എസ്സിന് തകരാറുണ്ടെന്ന ആരോപണം ശരിവെച്ച് ആപ്പിള്‍

i-phone

ഐ ഫോണ്‍ 6 എസ് സീരീസ് തകരാറിലാകുന്നുവെന്ന ഉപഭോക്താക്കളുടെ ആരോപണം ആപ്പിള്‍ കമ്പനി ശരിവെച്ചു.ഫോണിന് കേടുപാടുകള്‍ ഉണ്ടെന്ന് കമ്പനി തന്നെ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഐഫോണ്‍ 6 എസിലെ കേടുള്ള ബാറ്ററികള്‍ മാറ്റി നല്‍കാനും ആപ്പിള്‍ തീരുമാനിച്ചു.ഫോണ്‍ പൊടുന്നനെ ഓഫായിപ്പോകുന്നതിനെക്കുറിച്ച് നിരവധി ഉപഭോക്താക്കള്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലും ഒക്ടോബറിലും നിര്‍മ്മിച്ച ഒരു സീരീസിലെ ഐഫോണുകള്‍ക്കാണ് ഈ തകരാറുള്ളതായി ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്. ഐഫോണുകള്‍ തനിയേ ഷട്ട് ഡൗണാകുന്നതിന് പിന്നില്‍ വൈറസല്ലെന്നും വളരെ കുറച്ച് ഐഫോണുകള്‍ക്ക് മാത്രമേ ഈ തകരാറുള്ളൂ എന്നുമാണ് ആപ്പിള്‍ വിശദീകരിക്കുന്നത്. അതേസമയം എത്ര ഫോണുകളാണ് ഈ സീരിസിലുള്ളതെന്നതിന്റെ കൃത്യം എണ്ണം പുറത്തുവിടാന്‍ കമ്പനി തയ്യാറായിട്ടില്ല. ഒരാഴ്ച്ചക്കിടെ ആപ്പിള്‍ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ ഐഫോണ്‍ റിപ്പയര്‍ പ്രോഗ്രാമാണിത്.

ആപ്പിള്‍ ഉപഭോക്താക്കളില്‍ ആര്‍ക്കെങ്കിലും ഈ പ്രശ്‌നമുണ്ടെങ്കില്‍ അടുത്തുള്ള ആപ്പിള്‍ റീട്ടെയില്‍ സ്റ്റോറോ ആപ്പിളിന്റെ അംഗീകാരമുള്ള സേവന ദാതാക്കളേയോ സമീപിക്കാവുന്നതാണ്. സീരിയല്‍ നമ്പര്‍ പരിശോധിച്ചശേഷം കുഴപ്പമുള്ള ബാറ്ററി ഇവര്‍ മാറ്റി നല്‍കും. ബാറ്ററി മാറ്റുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ക്കായി ചില നിര്‍ദ്ദേശങ്ങളും ആപ്പിള്‍ പുറത്തിറക്കിയ കുറിപ്പിലുണ്ട്. ഫോണിലെ വിവരങ്ങള്‍ ഐട്യൂണിലോ ഐക്ലൗഡിലോ സേവ് ചെയ്യണം. ഫൈന്‍ഡ് മൈ ഫോണ്‍ ഓപ്ഷന്‍ ഓഫാക്കിയ ശേഷമേ ഫോണ്‍ ബാറ്ററി മാറ്റാന്‍ നല്‍കാവൂ. ബാറ്ററിയുടെ ശേഷിയെ ബാധിക്കുന്ന സ്‌ക്രീന്‍ പൊട്ടുന്ന തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് ആദ്യം പരിഹരിച്ചതിന് ശേഷമേ ബാറ്ററി മാറ്റി നല്‍കൂ എന്നും ആപ്പിള്‍ പറയുന്നു. നേരത്തെ ഇതേ പ്രശ്‌നം കൊണ്ട് ഏതെങ്കിലും ഉപഭോക്താവിന് ബാറ്ററി മാറ്റേണ്ടി വന്നിട്ടുണ്ടെങ്കില്‍ ഇതിന് ചെലവായ തുക തിരിച്ചു നല്‍കുമെന്നും കമ്പനി പറയുന്നുണ്ട്.

You must be logged in to post a comment Login