ഐസിഐസിഐ ബാങ്ക് കാഷ് ബാക്ക് ഭവനവായ്പ പ്രഖ്യാപിച്ചു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് ഓരോ പ്രതിമാസ ഗഡു തിരിച്ചടവിനും ഒരു ശതമാനം കാഷ് ബാക്ക് ലഭിക്കുന്ന പ്രത്യേക ഭവനവായ്പ പ്രഖ്യാപിച്ചു. വായ്പയുടെ കാലയളവു മുഴുവന്‍ ഈ ആനുകൂല്യം ലഭിക്കും. കുറഞ്ഞത് 15 വര്‍ഷം കാലാവധിയുള്ള ഭവന വായ്പയ്ക്കാണ് ഈ കാഷ് ബാക്ക് ലഭിക്കുക. കാഷ് ബാക്ക് എങ്ങനെ വേണമെന്നു വായ്പ എടുത്തവര്‍ക്കു തീരുമാനിക്കാം.

കാഷ് ബാക്ക് ഇടപാടുകാരന്റെ ഐസിഐസിഐ ബാങ്കിലെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ അല്ലെങ്കില്‍ ഭവന വായ്പയുടെ വായ്പത്തുകയില്‍ വരവു വയ്ക്കുകയോ ചെയ്യാം. വായ്പത്തുകയില്‍ വരവു വയ്ക്കുകയാണെങ്കില്‍ വായ്പാ തിരിച്ചടവ് നേരത്തെ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. നിലവിലുള്ള വായ്പ ഐസിഐസിഐ ബാങ്കിലേക്കു മാറ്റുകയും ചെയ്യാം. വായ്പയുടെ കാലയളവ് 15-30 വര്‍ഷം വരെയാണ്. വായ്പത്തുകയ്ക്കു പരിധിയില്ല. ആദ്യഗഡു അടയ്ക്കുന്നതു മുതല്‍ കാഷ് ബാക്ക് ലഭിച്ചു തുടങ്ങും.

ഈ തുക കൂട്ടിവച്ച് മുപ്പത്തിയാറാം ഗഡുവില്‍ ഇടപാടുകാരന്റെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും. തുടര്‍ന്നുള്ള ഓരോ പന്ത്രണ്ടാം ഗഡുവിലും കാഷ് ബാക്ക് ക്രെഡിറ്റ് ചെയ്യും. ഈ പദ്ധതി മറ്റ് വായ്പാ പദ്ധതികളായ വസ്തു വാങ്ങുന്നതിനുള്ള വായ്പ, വാണിജ്യാവശ്യത്തിനുള്ള വസ്തു വാങ്ങുന്നതിനുള്ള വായ്പ, ലീസ് റെന്റല്‍ ഡിസ്‌കൗണ്ടിംഗ് തുടങ്ങിയവയ്ക്കും ഈ ആനുകൂല്യം ലഭ്യമാണ്.

You must be logged in to post a comment Login