ഐസിസിയുടെ ലോക ഇലവന്‍ ക്യാപ്റ്റനായി മിതാലി രാജ്; ടീമില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളും

ലണ്ടന്‍ : ഐസിസി വനിതാ ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിനെ ലോക ഇലവന്‍ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. ഇന്ത്യയെ മുന്നില്‍ നിന്നും നയിച്ച മിതാലി ഫൈനല്‍വരെ ടീമിനെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഒരു സെഞ്ച്വറിയും മൂന്ന് അര്‍ദ്ധ സെഞ്ച്വറികളും മിതാലി സ്വന്തമാക്കി.

മിതാലിക്ക് പുറമെ ഓള്‍ റൗണ്ടര്‍ ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ എന്നിവരുടം ലോക ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരെ 115 പന്തില്‍ നിന്നും ഹര്‍മന്‍പ്രീത് കൗര്‍ 171 റണ്‍സ് നേടിയത് ശ്രദ്ധേയമായിരുന്നു. ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമില്‍ നിന്നും അഞ്ചുപേരും ടീമിലുണ്ട്. ഫൈനലില്‍ ഇന്ത്യയുടെ ആറു വിക്കറ്റുകള്‍ പിഴുതെടുത്ത അന്യ ഷ്രുബ്‌സോള്‍ ഉള്‍പ്പെടെയുള്ളവരാണ് ടീമിലെത്തിയത്.

സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ സൗത്ത് ആഫ്രിക്കന്‍ ടീമില്‍ നന്ന് മൂന്നുപേരും ഓസ്‌ട്രേലിയയില്‍ നിന്നും ഒരാളും ലോക ഇലവനില്‍ സ്ഥാനംനേടി. ഐസിസി ജനറല്‍ മാനേദര്‍ ജെഫ് അല്ലാര്‍ഡെയ്‌സ്, മുന്‍ വിന്‍ഡീസ് താരം ഇയാന്‍ ബിഷപ്, മുന്‍ ഇംഗ്ലണ്ട് താരം ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സ്, മുന്‍ ഓസീസ് ഓള്‍ റൗണ്‍ര്‍ ലിസ സ്‌തേല്‍ക്കര്‍, മുന്‍ ഇന്ത്യന്‍ താരവും മാധ്യമപ്രവര്‍ത്തകയുമായ സ്‌നേഹല്‍ പ്രധാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഐസിസി ലോക ഇലവനെ തെരഞ്ഞെടുത്തത്.

1973ല്‍ രൂപംകൊണ്ട് ഇടയ്‌ക്കെപ്പോഴോ വിസ്മൃതിയിലാണ്ട ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ വീണ്ടെടുപ്പാണിത്. ഈ തിരിച്ചുവരവിന് മിതാലിയെന്ന ലോകത്തിലെ ഏറ്റവും മികച്ച ബാറ്ററോട് ഇന്ത്യ കടപ്പെട്ടിരിക്കുന്നു. മിതാലി തെളിച്ച വഴിയില്‍ ഒരുകൂട്ടം പ്രതിഭകള്‍ ഉയര്‍ന്നുവരികയാണ്. പുരുഷ ക്രിക്കറ്റിന്റെ നിഴലില്‍നിന്ന് വെളിച്ചത്തിലേക്കെത്തുന്നു. ബിസിസിഐ കൂടുതല്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്. വനിതാ ക്രിക്കറ്റ് അടിമുടി മാറുന്നു.
ഇംഗ്‌ളണ്ടിനെതിരായ കിരീടപോരില്‍ മാനസികസമ്മര്‍ദത്തില്‍പ്പെട്ട് തോറ്റെങ്കിലും ഇന്ത്യന്‍ വനിതകള്‍ ഹൃദയം കീഴടക്കിയാണ് തിരിച്ചെത്തുന്നത്. മിതാലിയെന്ന ക്യാപ്റ്റനുകീഴില്‍ ഒരുപിടി നല്ല മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ ഈ ടീമിന് കഴിഞ്ഞു. ദീപ്തി ശര്‍മ, സ്മൃതി മന്ദാന, പൂനം റാവത്ത്, ഹര്‍മന്‍പ്രീത് കൌര്‍, വേദ കൃഷ്ണമൂര്‍ത്തി, പൂനം യാദവ് എന്നീ പേരുകള്‍ പരിചിതമായി. ആറുതവണ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ കീഴടക്കിയ വീറുകണ്ടു.

You must be logged in to post a comment Login