ഐസ്‌ക്രീം പാര്‍ലര്‍ കേസ്: സി പി എം മൗനത്തില്‍; കുഞ്ഞിക്കണ്ണന്റെ എഫ് ബി പോസ്റ്റ് ചര്‍ച്ചയാകുന്നു; വിഎസിനു പിന്തുണ കൂടുന്നു

vsകോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറികേസില്‍ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിച്ച നിലപാട് സര്‍ക്കാര്‍ പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സൈദ്ധാന്തികനുമായ കെ ടി കുഞ്ഞിക്കണ്ണന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവ ചര്‍ച്ചയാകുന്നു.
തന്റെ എഫ് ബി പോസ്റ്റ് പാര്‍ട്ടി വിരുദ്ധര്‍ സി.പിഎമ്മിനകത്തെ ഭിന്ന സ്വരമായി ചിത്രീകരിക്കുകയാണെന്നും ഇത് ശരിയല്ലെന്നും ഇന്നലെ അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
ജനപക്ഷ സര്‍ക്കാറിന് തെറ്റു പറ്റരുതേയെന്നും പറ്റിപ്പോകുന്ന തെറ്റുകള്‍ തിരുത്തിപ്പോകണമോയെന്നും ആഗ്രഹിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തകന്റെ സഹജമായ ഉത്തരവാദിത്തമാണ് താന്‍ നിര്‍വഹിച്ചതെന്ന് പാര്‍ട്ടി അച്ചടക്കത്തിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുന്നവരോടായി കുഞ്ഞിക്കണ്ണന്‍ പുതിയ പോസ്റ്റില്‍ ഓര്‍മിപ്പിക്കുന്നു.
ഐസ്‌ക്രീം കേസില്‍ യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകന്‍ എടുത്ത നിലപാട് ഇടത് സര്‍ക്കാറിന്റെ കാലത്തും തുടരുന്നത് അംഗീകരിക്കാന്‍ കഴിയില്ല.
അഴിമതിയും പെണ്‍വാണിഭവും യു.ഡിഎഫ് ഭരണത്തിന്റെ മുഖമുദ്രയാണെന്നും ഇത്തരക്കാരുടെ നിലപാടുകള്‍ ഇടത് ഭരണത്തിലും തുടരുന്നത് തിരുത്തണം. ഇടത് സര്‍ക്കാര്‍ സ്ത്രീപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപിടിക്കണമെന്നും തന്റെ പരാമര്‍ശങ്ങളെ പാര്‍ട്ടിക്കുള്ളിലെ ഭിന്നസ്വരമായി ചിത്രീകരിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ സി പി എമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ നിലപാടുകള്‍ക്ക് എതിരായി സംസ്ഥാന സര്‍ക്കാറിന്റെ അഭിഷാകന്‍ പ്രവര്‍ത്തിച്ചത് വിവാദമായിട്ടും മുഖ്യമന്ത്രിയോ സി പി എം സംസ്ഥാന നേതൃത്വമോ നിലപാട് വ്യക്തമാക്കാത്തത് പാര്‍ട്ടി അണികളില്‍ ആശങ്കയും അങ്കലാപ്പും വര്‍ധിപ്പിക്കുകയാണ്.
ഇതിനിടെയാണ് മുന്‍ നക്‌സ്‌ലെറ്റ് നേതാവ് കൂടിയായ സി പി എം ജില്ലാ നേതാവിന്റെ നിലപാടുകള്‍ സോഷ്യല്‍ മീഡിയയില്‍ കത്തുന്നത്.
ഇദ്ദേഹത്തിന്റെ നിലപാടുകളെ പിന്തുണച്ച് ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ഇതിനകം പ്രതികരിച്ചിട്ടുണ്ട്.
എന്നാല്‍ നേതൃത്വം ഇക്കാര്യത്തില്‍ മൗനത്തിലാണ്. ഐസ്‌ക്രിം പ്രശ്‌നത്തില്‍ വി എസ് എടുത്ത നിലപാടുകളെ പൊളിച്ചടക്കുന്ന പിണറായി സര്‍ക്കാറിന്റെ പുതിയ നിലപാടിനെതിരെ ബഹുഭൂരിപക്ഷം പാര്‍ട്ടി അണികളിലും ശക്തമായ വികാരം ജ്വലിച്ചുനില്‍ക്കെ കെ ടി കുഞ്ഞിക്കണ്ണന്റെ പോസ്റ്റിനും ആ നിലയ്ക്കുള്ള പിന്തുണയാണ് ലഭിക്കുന്നത്. പ്രശ്‌നത്തില്‍ പരസ്യമായി ഇടപെട്ടതിലൂടെ കുഞ്ഞിക്കണ്ണന്‍ സി പി എം ഔദ്യോഗിക നേതൃത്വത്തിന്റെ കണ്ണിലെ കരടാകാനുള്ള സാധ്യതയും കൂടുതലാണ്.
ഐസ്‌ക്രീം കേസില്‍ വി എസ് അച്യുതാനന്‍, അന്വേഷി നേതാവ്  കെ അജിത തുടങ്ങിയവര്‍ സ്വീകരിച്ച നിലപാടുകള്‍ ഇദ്ദേഹത്തിന്റെ പോസ്റ്റുകളില്‍ നിറഞ്ഞുനില്‍ക്കുന്നതും പാര്‍ട്ടി അനുഭാവികളും ഇടത് വിദ്യാര്‍ത്ഥി യുവജന സംഘാടനാ ഭാരവാഹികളും കെ ടിക്ക് അനുകൂലമായി ചിന്തിക്കുന്നതും സി പി എം ജില്ലാ -സംസ്ഥാന നേതൃത്വങ്ങളെ അലോസരപ്പെടുത്തുന്നു.

You must be logged in to post a comment Login