ഐ .എന്‍ .ജി വൈശ്യ ബാങ്കും മാസ്റ്റര്‍ കാര്‍ഡും ചേര്‍ന്ന് പ്രീമിയം ഡെബിറ്റ് കാര്‍ഡുകള്‍ അവതരിപ്പിച്ചു

കൊച്ചി: ഐ.എന്‍.ജി. വൈശ്യ ബാങ്കും മാസ്റ്റര്‍ കാര്‍ഡും ചേര്‍ന്ന് പ്രീമിയം ഡെബിറ്റ് കാര്‍ഡുകള്‍ അവതരിപ്പിച്ചു.  ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ കാര്‍ഡിന്റെ   പശ്ചാത്തലങ്ങള്‍ സ്വയം തെരഞ്ഞെടുക്കാനുള്ള അവസരം, ഇതാദ്യമായി ചെലവഴിക്കുന്നതിനനുസരിച്ചുള്ള സമ്മാന പദ്ധതി എന്നിവ ഈ കാര്‍ഡുകളുടെ സവിശേഷതകളായിരിക്കും.
ടൈറ്റാനിയം, മൈ വേള്‍ഡ്, വേള്‍ഡ് എക്‌സ്ക്ലൂസീവ് എന്നീ മൂന്നിനം പ്രീമിയം കാര്‍ഡുകളാണ് ഐ.എന്‍.ജി. മാസ്റ്റര്‍ കാര്‍ഡ് പ്രീമിയം ഡെബിറ്റ് ശ്രേണിയില്‍ പുറത്തിറക്കുന്നത്.  ഇന്ത്യയില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിന്റെ തോതില്‍ 38 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും റിവാര്‍ഡ് പോയിന്റുകളില്‍ 18 ശതമാനം മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളു എന്ന് ഐ.എന്‍.ജി. വൈശ്യ ബാങ്ക് എം.ഡി.യും സി.ഇ.ഒ.യുമായ ഷൈലേന്ദ്ര ഭണ്ഡാരി ചൂണ്ടിക്കാട്ടി. മികച്ച ഒരു റിവാര്‍ഡ് പദ്ധതിയിലൂടെ ഇതു മാറ്റിയെടുക്കാനാണു തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റിവാര്‍ഡ് പോയിന്റുകള്‍ നേടന്നതും അത് ഉപയോഗിക്കുന്നതും വളരെ എളുപ്പത്തിലാക്കുന്ന രീതികളാണു തങ്ങള്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനാണ് മാസ്റ്റര്‍ കാര്‍ഡ് ലക്ഷ്യമിടുന്നതെന്ന് മാസ്റ്റര്‍ കാര്‍ഡ് വേള്‍ഡ് വൈഡിന്റെ ദക്ഷിണേഷ്യാ ഡിവിഷന്‍ പ്രസിഡന്റ് അരി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.  ഇതിന്റെ മികച്ച ഉദാഹരണമാണ് ഐ.എന്‍.ജി. വൈശ്യ ബാങ്കുമായി ചേര്‍ന്നൊരുക്കുന്ന പ്രീമിയം ഡെബിറ്റ് കാര്‍ഡുകളെന്നും അദ്ദേഹം പറഞ്ഞു.
വിവിധ വിഭാഗങ്ങളിലെ 50 ഇമേജുകളില്‍ നിന്നു തങ്ങള്‍ക്കു താല്‍പ്പര്യമുള്ള ഇമേജുകള്‍ കാര്‍ഡുകള്‍ക്കായി തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കും. സങ്കീര്‍ണതകളില്ലാത്ത ലളിതമായ റിവാര്‍ഡ് പദ്ധതിയാണ് മറ്റൊരു സവിശേഷത.

You must be logged in to post a comment Login