ഐ.എസ്.ആര്‍.ഒയെ അഭിനന്ദിച്ച് പാക് ബഹിരാകാശയാത്രിക

ഐ.എസ്.ആര്‍.ഒയെ അഭിനന്ദിച്ച് പാക് ബഹിരാകാശയാത്രിക

ഇന്ത്യയുടെ ചാന്ദ്രയാൻ -2 ദൗത്യത്തെയും ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താനുള്ള ചരിത്രപരമായ ശ്രമത്തെയും അഭിനന്ദിച്ച് പാകിസ്താനിലെ ആദ്യത്തെ വനിതാ ബഹിരാകാശയാത്രികയായ നമീറ സലിം. കറാച്ചി ആസ്ഥാനമായുള്ള സയൻസ് മാഗസിൻ സയന്റിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഐ.എസ്.ആര്‍.ഒയെ നമീറ അഭിനന്ദിച്ചത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ് വിജയകരമായി നടത്താനുള്ള ചരിത്രപരമായ ശ്രമത്തിന് ഇന്ത്യയെയും ഇസ്‌റോയെയും അഭിനന്ദിക്കുന്നുവെന്ന് നമീറ പറഞ്ഞു.

ചാന്ദ്രയാൻ -2 ദൗത്യം ദക്ഷിണേഷ്യയിലെ ഒരു വലിയ കുതിച്ചുചാട്ടമാണ്. ഇത് ആഗോള ബഹിരാകാശ മേഖലയ്ക്കും അഭിമാനിക്കാന്‍ വകയുള്ളതാണെന്നും നമീറ കൂട്ടിച്ചേര്‍ത്തു. ദക്ഷിണേഷ്യയിലെ ബഹിരാകാശ മേഖലയിലെ സംഭവവികാസങ്ങൾ ശ്രദ്ധേയമാണ്. ബഹിരാകാശത്ത് ഏത് രാജ്യം മുന്നിട്ടുനില്‍ക്കുന്നു എന്നത് പ്രശ്നമല്ല. ബഹിരാകാശത്ത് എല്ലാ രാഷ്ട്രീയ അതിരുകളും അലിഞ്ഞില്ലാതാകുന്നുവെന്നും നമീറ കൂട്ടിച്ചേര്‍ത്തു. വിർജിൻ ഗാലക്റ്റിക്കിൽ ബഹിരാകാശത്തേക്ക് പോയ ആദ്യത്തെ പാകിസ്താനിയാണ് നമീറ.

ഇന്ത്യയുടെ ചാന്ദ്രയാൻ 2 ദൗത്യം സോഫ്റ്റ് ‌ലാൻഡിങ് നടത്തുന്നതിന് തൊട്ടുമുൻപ് ആശയവിനിമയം നഷ്ടമായതിനെ പരിഹസിച്ച് പാക് മന്ത്രി ഫവാദ് ഹുസൈൻ ചൗധരി ട്വീറ്റ് ചെയ്തിരുന്നു. ‘എല്ലാവരും ഉറങ്ങിക്കോളൂ. ചന്ദ്രനില്‍ ഇറങ്ങേണ്ടതിനു പകരം മുംബൈയില്‍ കളിപ്പാട്ടം ഇറങ്ങി’ എന്നാണ് ദൗത്യത്തെ കളിയാക്കി ഫവാദ് ട്വിറ്ററില്‍ കുറിച്ചത്. ഇതിനെതിരെ വന്‍ ട്രോളുകളും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു.

You must be logged in to post a comment Login