ഗോഹട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനു തോല്‍വിയോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിനു ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി. ജാപ്പനീസ് താരം യൂസ കറ്റ്സുമിയുടെ ഗോളിലാണ് കേരളത്തിന്റെ കൊമ്പന്മാര് നിലംപരിശായത്. 55-ാം മിനിറ്റിലായിരുന്നു കേരളത്തിന്റെ നെഞ്ചുപിളര്‍ത്തിയ കറ്റ്സുമിയുടെ ഗോള്‍. ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് പാഞ്ഞെത്തിയ നിക്കോളാസ് വെലസ് ഇടതു പാര്‍ശ്വത്തില്‍നിന്നും നല്കിയ ക്രോസ് ക്ലോസ്റെയ്ഞ്ച് ഷോട്ടിലൂടെ കറ്റ്സുമി ഗോളാക്കുകയായിരുന്നു.
രണ്ടാം സീസണില്‍ അവസാന സ്ഥാനക്കാരാകേണ്ടിവന്ന ബ്ലാസ്റ്റേഴ്സ് ഇത്തവണ വലിയ പ്രതീക്ഷയിലാണ് കളത്തിലിറങ്ങിയത്. ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എല്ലാ മേഖലകളിലും ബ്ലാസ്റ്റേഴ്സിനെ പിന്നിലാക്കിയാണ് നോര്‍ത്ത് ഈസ്റ്റ് വിജയം പിടിച്ചെടുത്തത്.
നേരത്തെ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ കലാരൂപങ്ങള്‍ അണിനിരന്ന ഉദ്ഘാടനച്ചടങ്ങിന് ശേഷമാണ് മത്സരത്തിന് തുടക്കമായത്. വൈകിട്ട് അഞ്ചരയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. സച്ചിന് തെന്‍ഡുല്‍ക്കര്‍, ബോളിവുഡ് താരങ്ങളും ടീം ഉടമകളുമായ അഭിഷേക് ബച്ചന്, ജോണ്‍ എബ്രഹാം, മഹേന്ദ്ര സിങ് ധോണി, ഐ.എസ്.എല്‍ ചെയര്‍പേഴ്സണ്‍ നിത അംബാനി, ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, ജാക്വിലിന് ഫെര്‍ണാണ്ടസ്, വരുണ്‍ ധവാന് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
You must be logged in to post a comment Login