
ഐ.എസ്.എല്ലില്‍ രണ്ടാം ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. കരുത്തരായ ഗോവയാണ് കേരളത്തിന്റെ എതിരാളികള്‍. രാത്രി 7.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.
ആറാം സീസണിലെ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ നാല് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. മികച്ച താരങ്ങളുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന് തുടക്കം മുതല്‍ തന്നെ പരുക്കുകളാണ് വില്ലനായത്. വിദേശ താരങ്ങളടക്കം പരിക്കിന്റെ പിടിയിലായത് ടീമിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇവരുടെ സേവനം ഇന്നും ടീമിന് ലഭിക്കില്ല.

അതേസമയം, സൂപ്പര്‍ താരങ്ങളുടെ വിലക്കും പരുക്കും ഗോവയ്ക്ക് തിരിച്ചടിയാകും. അച്ചടക്ക നടപടി നേരിടുന്ന സെമിന്ലെന് ഡങ്കലും ഹ്യൂഗോ ബോമസും കേരള ബ്ലാസ്റ്റേഴ്സിനെതിരെയും കളിക്കില്ല. നവംബര്‍ ഒന്നിന് ഗുവാഹത്തിയില്‍ നടന്ന എഫ്.സി ഗോവ -നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിനിടയില്‍ താരങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. ഇതാണ് താരങ്ങളുടെ സസ്പെന്ഷന് കാരണമായത്.
പരിക്കേറ്റ സൂപ്പര്‍ താരം കോറോമിനോസ് ഗോവന്‍ നിരയിലുണ്ടാകില്ലെന്നാണ് സൂചന. അഞ്ച് മത്സരങ്ങളില്‍ രണ്ട് വീതം ജയവും സമനിലയും ഒരു തോല്‍വിയും ഉള്‍പ്പെടെ എട്ട് പോയിന്റുമായി അഞ്ചാമതാണ് ഗോവ.
You must be logged in to post a comment Login