ഐ.എസ് ബന്ധം: കണ്ണൂരില്‍ അറസ്റ്റിലായ അഞ്ചുപേരെ 15 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കണ്ണൂര്‍: ഐഎസ് ബന്ധം ആരോപണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കണ്ണൂരില്‍ അറസ്റ്റിലായ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. യു.കെ ഹംസ, മനാഫ് റഹ്മാന്‍, കെ.സി.മിത്‌ലജ്, അബ്ദുള്‍ റസാഖ്, റാഷിദ് എന്നിവരെയാണ് 15 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ചത് ഇസ്ലാമിക് രാജ്യത്ത് താമസിക്കാനുള്ള ആഗ്രഹം കൊണ്ടാണെന്ന് പ്രതികള്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് വളപട്ടണം പൊലീസ് ഇവരെ  അറസ്റ്റ് ചെയ്തത്. ഹംസയ്ക്ക് രാജ്യാന്തരതലത്തിലെ ഐഎസ് നേതൃത്വവുമായി ബന്ധമുണ്ടെന്നു വ്യക്തമായതായി പൊലീസ് അറിയിച്ചിരുന്നു. ഉത്തര കേരളത്തില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റിനു ഹംസയാണ് നേതൃത്വം നല്‍കിയത്.  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നായിരുന്നു റിക്രൂട്ട്‌മെന്റ്.

തുര്‍ക്കിയില്‍ നിന്ന് ഐഎസ് പരിശീലനം നേടി സിറിയയിലേക്കു കടക്കുന്നതിനിടെ തുര്‍ക്കി പൊലീസ് പിടികൂടി നാട്ടിലേക്കു തിരിച്ചയച്ച അഞ്ചുപേരില്‍ മൂന്നു പേരെയാണ് പൊലീസ് സംഘം ആദ്യം അറസ്റ്റ് ചെയ്തത്. നിരോധിത സംഘടനയില്‍ പ്രവര്‍ത്തിക്കുകയും ആശയം പ്രചരിപ്പിക്കുകയും ചെയ്തതിനു യുഎപിഎ 38,39 വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തത്. പിടിയിലായവര്‍ക്കു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു.

മൂന്നുപേരും വ്യത്യസ്ത സമയങ്ങളിലാണ് ഇറാന്‍ വഴി തുര്‍ക്കിയിലെത്തിയത്. മിഥിലാജ് ഷാര്‍ജയിലേക്കും റാഷിദ് മലേഷ്യയിലേക്കും അബ്ദുല്‍ റസാഖ് ദുബൈയിലേക്കും സന്ദര്‍ശക വിസയിലാണു പോയത്. അവിടെ നിന്ന് ഇറാന്‍ വഴി തുര്‍ക്കിയിലെത്തി. ഇസ്താംബുളിലെ ഐഎസ് ക്യാംപില്‍ പരിശീലനം നേടിയ ശേഷം സിറിയയിലേക്കു കടക്കുന്നതിനിടെയാണു തുര്‍ക്കി പൊലീസ് പിടികൂടി നാട്ടിലേക്ക് അയയ്ക്കുന്നത്. നാലുമാസം മുന്‍പ് നാട്ടിലെത്തിയ ഇവര്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഐഎസ് ആശയപ്രചരണം നടത്തുന്നുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

You must be logged in to post a comment Login