ഒടുവില്‍ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചു

സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയില്‍ ഇന്ത്യന്‍ നിരത്തില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ അരങ്ങേറ്റം കുറിച്ചു. സ്‌കോഡ ഒക്ടേവിയ, സൂപ്പര്‍ബ്, ഔഡി A3 എന്നിവയില്‍ നല്‍കിയ അതേ മോഡുലാര്‍ ട്രാന്‍സ്‌വേര്‍സ് മെട്രിക്‌സ് പ്ലാറ്റ്‌ഫോമിലാണ് (MQB) ടിഗ്വാനും അവതരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഔറഗാബാദ് നിര്‍മാണ ശാലയിലാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഡീസല്‍ എന്‍ജിനില്‍ കംഫോര്‍ട്ട്‌ലൈന്‍, ഹൈലൈന്‍ എന്നീ രണ്ടു വേരിയന്റുകളിലാണ് ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ നിരത്തിലെത്തുക.

ബേസ് വേരിയന്റ് കംഫോര്‍ട്ട്‌ലൈന്‍ ടിഗ്വാന് 27.98 ലക്ഷം രൂപയും ടോപ് സ്‌പെക്ക് ഹൈലൈന്‍ ടിഗ്വാന് 31.38 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. MQB പ്ലാറ്റഫോമില്‍ ഫോക്‌സ്‌വാഗണ്‍ പുറത്തിറക്കുന്ന ആദ്യ മോഡലാണെന്ന പ്രത്യേകതയും ടിഗ്വാനുണ്ട്. രണ്ടാം തലമുറയില്‍പ്പെട്ട ടിഗ്വാനാണ് ഇങ്ങോട്ടെത്തുന്നത്. മുന്‍ മോഡലിനെക്കാള്‍ 50 കിലോഗ്രാം ഭാരം കുറവാണ് ഇവന്, കൂടുതല്‍ സ്‌പേസുമുണ്ട്. 147 ബിഎച്ച്പി കരുത്തും 330 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ TDI ഡീസല്‍ എഞ്ചിനാണ് കരുത്തേകുക.

7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സുള്ളത്. ഹൈലൈന്‍ വേരിയന്റില്‍ ആള്‍ വീല്‍ ഡ്രൈവ് സിസ്റ്റവുമുണ്ടാകും. ഹ്യുണ്ടായ് ടക്‌സണ്‍, ഹോണ്ട സിആര്‍വി ഇനി നിരത്തിലിറങ്ങാനിരിക്കുന്ന ജീപ്പ് കോംപാസ് എന്നിവയാകും ഇവന്റെ എതിരാളികള്‍. വിപണിയില്‍ ഫോര്‍ഡ് എന്‍ഡവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, ഇസൂസു MUX എന്നിവയ്ക്ക് ചെറിയ വെല്ലുവിളി ഉയര്‍ത്താനും ടിഗ്വാന് കഴിയും. 615 ലിറ്ററാണ് ബൂട്ട് സ്‌പേസ് കപ്പാസിറ്റി, പിന്‍സീറ്റ് മടക്കിയാല്‍ ഇത് 1655 ലിറ്ററാക്കി കൂട്ടാം. ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക് അഡ്ജസ്റ്റബില്‍ ഡ്രൈവര്‍ സീറ്റ്, പനോരമിക് സണ്‍റൂഫ് (ടോപ് സ്‌പെക്കില്‍) എന്നിവ വാഹനത്തിലുണ്ട്.

5 സീറ്ററില്‍ 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം രണ്ടു വിഭാഗങ്ങളിലായി നല്‍കി. സുരക്ഷിത യാത്ര ഉറപ്പുവരുത്താന്‍ 7 എയര്‍ബാഗ്, സിറ്റി എമര്‍ജന്‍സി ബ്രേക്കിംങ്, പെഡസ്ട്രിയല്‍ മോണിറ്ററിംങ്, ഓട്ടോമാറ്റിക് പോസ്റ്റ്‌കൊളിഷന്‍ ബ്രേക്കിംങ് സിസ്റ്റം, ലൈന്‍ അസിസ്റ്റ് സിസ്റ്റം, പ്രീക്രാഷ് പ്രോആക്ടീവ് പ്രൊട്ടക്ഷന്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

You must be logged in to post a comment Login