ഒടുവിൽ അത് ഉറപ്പിച്ചു; സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്

ഏറെ ചര്‍ച്ചകൾക്ക് വഴിവെച്ച വമ്പൻ അഭ്യൂഹങ്ങൾക്ക് ശേഷം ഒടുവിൽ അത് ഉറപ്പിച്ചു. അതെ യുവാക്കളുടെ ഹരമായ ബോളിവുഡ് നായിക സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് ചുവടൂന്നുന്നു. തമിഴിലെ പ്രസിദ്ധ സംവിധായകനായ വി. സി വടിവുടയാൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോൺ മലയാളത്തിലേക്കെത്തുന്നത്. ​ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം നിർമിക്കുന്നത്.

പൊൻസെ സ്റ്റിഫൻ സ്റ്റീഫ്സ് കോർണർ ഫിലിംസിനായി നിർമിക്കുന്ന ഇൗ ചിത്രത്തിന് സണ്ണി ലിയോൺ നൂറ്റമ്പത് ദിവസത്തെ ഡേറ്റ് നൽകിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. സംവിധായകൻ വടിവുടയാൻ കേരളത്തിന്‍റെ ചരിത്രവുമായി ബന്ധപ്പെട്ട കഥയാണ് ഇൗ ചിത്രത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തിന്‍റെ തനതു കലാരൂപങ്ങളും, കളരിപ്പയറ്റും ഇൗ ചിത്രത്തിന്‍റെ പശ്ചാത്തലത്തിൽ ഉണ്ടാകും. അതിനാൽ താരം ഇപ്പോൾ മുബൈയിൽ കളരിപ്പയറ്റും, കുതിര സവാരിയും അഭ്യസിക്കുകയാണിപ്പോൾ. ചാലക്കുടിയാണ് മുഖ്യ ലൊക്കേഷൻ. അടുത്തദിവസം തന്നെ ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ച് നടക്കും.

ചിത്രത്തിന്‍റെ കഥ കേട്ട സണ്ണി ആകെ ത്രില്ലിലാണിപ്പോൾ. ‘ഇൗ ചിത്രത്തിന് ശേഷമേ ഇനി മറ്റ് സിനിമകളിൽ അഭിനയിക്കുന്നുള്ളുവെന്നും ഒരു ചരിത്ര സിനിമയുടെ ഭാഗമാകുന്നത് ആദ്യമായാണെന്നും സണ്ണി പറഞ്ഞു. ഒരു തനി മലയാളി പെൺകൊടിയായാണ് താൻ ചിത്രത്തിലെത്തുക. ഒരുപാട് കാലമായി ഞാൻ പ്രതീക്ഷിച്ച വേഷമാണിതെന്നും കളരി അഭ്യാസവും, വാൾ പയറ്റും അറിയാവുന്ന ഒരു തന്‍റേടിയായ പെൺകുട്ടിയെയാണ് താൻ അവതരിപ്പിക്കുന്നതെന്നും സണ്ണി വ്യക്തമാക്കി. തനിക്ക് ദക്ഷിണേന്ത്യയിൽ കൂടൂതൽ ആരാധകർ ഉണ്ടെന്നും, അവരെ തൃപ്തിപ്പെടുത്തുന്ന സിനിമയായിരിക്കും ഇതെന്നും സണ്ണി ലിയോൺ പറഞ്ഞു.

ഗ്രാഫിക്സിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നതിനാൽ തന്നെ ബാഹുബലി, യന്തിരൻ 2 സിനിമകളിൽ ഗ്രാഫിക്സ് ചെയ്ത ടീമാണ് ഇൗ ചിത്രത്തിന്‍റെ ഗ്രഫിക്സ് വർക്കുകൾ ചെയ്യുന്നത്. ബാഹുബലിയിലെ വില്ലനായ നവദീപ്, നാസ‍ര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഫെബ്രുവരിയോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്‍റെ സെറ്റ് വർക്കുകൾ പുരോഗമിക്കുകയാണ്.

You must be logged in to post a comment Login