ഒപെക് എണ്ണ കയറ്റുമതി; വരുമാനത്തില്‍ വന്‍ ഇടിവ്; 12 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തോതില്‍

OILLLL
ദോഹ: ഒപെക് രാജ്യങ്ങളുടെ എണ്ണ കയറ്റുമതി വരുമാനം 12 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തോതില്‍. ഈ വര്‍ഷം ഇടിവ് വീണ്ടും കൂടുമെന്നാണ് യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ (ഇഐഎ) നിഗമനം.

ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ ഒപെക്കിലെ 12 രാജ്യങ്ങളുടെ എണ്ണ കയറ്റുമതി വരുമാനം 2015ല്‍ 40,400 കോടി ഡോളറായിരുന്നു. 2004നു ശേഷമുള്ള ഏറ്റവും കുറഞ്ഞ വരുമാനം. 2014 ലെ കയറ്റുമതിയുമായി (75,300 കോടി ഡോളര്‍) താരതമ്യപ്പെടുത്തിയാല്‍ 46 ശതമാനത്തിന്റെ ഇടിവ്.

എണ്ണവിലയില്‍ 2014 ജൂണിനു ശേഷമാണു വന്‍ ഇടിവുണ്ടായത്. ബാരലിനു 112 ഡോളറായിരുന്ന വില ഇപ്പോള്‍ ശരാശരി 50 ഡോളറിലെത്തി നില്‍ക്കുകയാണ്. പ്രധാന വരുമാന സ്രോതസ്സ് എണ്ണ, പ്രകൃതിവാതക കയറ്റുമതിയാണെങ്കിലും കരുതല്‍ ധനശേഖരം ശക്തമായതിനാല്‍ സൗദി അറേബ്യ, കുവൈത്ത്, യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളെ വിലയിടിവ് വലിയ തോതില്‍ ബാധിച്ചിട്ടില്ല.

പതിറ്റാണ്ടിനുശേഷം ആദ്യമായി കമ്മി ബജറ്റ് അവതരിപ്പിച്ച ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ധന വില കൂട്ടിയും സബ്‌സിഡികള്‍ വെട്ടിക്കുറച്ചും പാഴ്‌ചെലവുകള്‍ കര്‍ശനമായി നിയന്ത്രിച്ചും ഫീസ് നിരക്കുകള്‍ വര്‍ധിപ്പിച്ചും മറ്റു വരുമാനങ്ങള്‍ കൂട്ടാനുള്ള ശ്രമത്തിലാണ്.

എന്നാല്‍ എണ്ണ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം കൊണ്ട് ഉപഭോഗ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന അല്‍ജീരിയ, വെനസ്വേല, ഇറാഖ്, ലിബിയ, നൈജീരിയ എന്നിവയ്ക്കു വിലയിടിവ് സാമ്പത്തിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

ലിബിയ, നൈജീരിയ എന്നിവിടങ്ങളില്‍ കലാപങ്ങള്‍ കാരണം മുന്‍വര്‍ഷത്തെ ഉല്‍പാദനം പോലും നടക്കുന്നില്ല. തൊഴില്‍ പ്രശ്‌നങ്ങള്‍ വെനസ്വേലയെ ബാധിച്ചിട്ടുണ്ട്. ഇറാഖിന്റെ കഴിഞ്ഞവര്‍ഷത്തെ വരുമാനത്തിന്റെ പ്രധാന പങ്കും ഊര്‍ജ മേഖലയില്‍ നിന്നായിരുന്നു. ആകെ കയറ്റുമതിയുടെ അഞ്ചു ശതമാനം മാത്രമാണ് എണ്ണ ഉല്‍പന്നങ്ങള്‍ എന്നതിനാല്‍ ഇന്തൊനീഷ്യയെ വിലയിടവ് ബാധിച്ചിട്ടില്ല.

അടുത്തമാസം 26 മുതല്‍ 28 വരെ അല്‍ജീരിയയില്‍ നടക്കുന്ന രാജ്യാന്തര ഊര്‍ജ ഫോറത്തോ (ഐഇഎഫ്) അനുബന്ധിച്ച് ഒപെക് ചേരുന്ന അനൗദ്യോഗിക യോഗം വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കില്ലെന്നാണു വിലയിരുത്തല്‍. ഉല്‍പാദന നിയന്ത്രണം പോലെയുള്ള കടുത്ത നടപടികള്‍ക്ക് അഭിപ്രായ ഐക്യം ഉണ്ടാകാനുള്ള സാധ്യത കുറവായതിനാലാണിത്.

You must be logged in to post a comment Login