ഒരിയ്ക്കലും കൊടിയിറങ്ങാത്ത ഉത്സവം

അനിയന്‍ അവര്‍മ്മ

മീനം മൂന്നിന് കൊടികയറി ആറിന് കൊടിയിറങ്ങുന്നതാണ് പെരുമ്പടവം കാവിലെ ഉത്സവകാലം.
‘തുംഗമാം മീനച്ചൂടില്‍ തൈമാവിന്‍ മരതകക്കിങ്ങിണി സൗഗന്ധിക സ്വര്‍ണ്ണമായ്ത്തീരും’ കാലം, കുട്ടികള്‍ക്ക് പരീക്ഷയുടെ ഉള്‍ച്ചൂടിന്റേതു കൂടിയാണ്. എങ്കിലും ഉത്സവംകൂടല്‍ മുടക്കാറില്ല. ഇന്റര്‍നെറ്റും, സോഷ്യല്‍ മീഡിയയും എന്തിന് ഫോണ്‍പോലുമില്ലാതിരുന്ന ഒരു കാലത്തെ ഉത്സവങ്ങള്‍ എഴുപതുകളില്‍ ജനിച്ച എന്നേപ്പോലുള്ളവരുടെ തലമുറയ്ക്ക് ഗൃഹാതുരത്വത്തിന്റെ മൂര്‍ച്ഛയില്‍ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ. രാത്രിയിലെ ഉത്സവപ്പരിപാടികള്‍ കണ്ട് പിറ്റേദിവസം എസ്.എസ്.എല്‍,.സി പരീക്ഷയെഴുതിയ സാഹസം ഇന്നും ഉള്‍ക്കിടിലത്തോടെ മാത്രമേ പങ്കുവെയ്ക്കാനാവൂ. അതും പെരുമ്പടവം പോലൊരു കുഗ്രാമത്തില്‍. ചെണ്ടമേളവും, കാവടിയും, ഗരുഡന്‍ പറവയും, ഓട്ടന്‍തുള്ളലും, നാടകവും, വച്ചുവാണിഭക്കടയിലെ അമ്മാവന്‍ പീപ്പിയും, ബലൂണും കോലൈസും, കിലുക്കിക്കുത്തും, നാടന്‍ തല്ലും ഉത്സവത്തിന് കൊഴുപ്പുകൂട്ടുന്നു.
നാലാം നാള്‍ ഉത്സവം കൊടിയിറങ്ങിയാല്‍ ഹൃദയത്തിനൊരു ഭാരമാണ്. വീണ്ടും അടുത്ത ഉത്സവത്തിനായുള്ള കാത്തിരിപ്പ്, ജീവിതം പോെല. പക്ഷേ, ഞങ്ങള്‍ പെരുമ്പടവത്തുകാര്‍ക്ക് ഒരിയ്ക്കലും കൊടിയിറങ്ങാത്ത ഉത്സവമാണ് പെരുമ്പടവം ശ്രീധരന്‍. മലയാളിക്ക് ഹൃദയത്തില്‍ ദൈവത്തിന്റെ കയ്യൊപ്പ് പേറുന്ന പ്രിയ നോവലിസ്റ്റ്. പെരുമ്പടവം കാവില്‍ നിന്നും അരനാഴിക നടന്നാല്‍ പെരുമ്പടവം വീടായി. ആ കൊച്ചുവീട്ടിലിരുന്നാണ് മലയാളിയുടെ ഹൃദയത്തിന്റെ ഉടമയായ അദ്ദേഹം ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന ക്ലാസിക് നോവല്‍ എഴുതി പൂര്‍ത്തിയാക്കിയത്. കൃത്യമായിപ്പറഞ്ഞാല്‍ 1993ല്‍ ഇന്നേയ്ക്ക് 27 വര്‍ഷം മുമ്പാണ് ആ നോവല്‍ പുറത്തുവന്നത്.
”മലയാളത്തില്‍ ഇങ്ങനെ ഒരനുഭവമോ? 1112-ല്‍ ഒന്നാം പതിപ്പ്. 15 ല്‍ രണ്ടാം പതിപ്പ്, 17 ല്‍ മൂന്നാം പതിപ്പ്, 18ല്‍ നാലാം പതിപ്പ്, 19 ല്‍ അഞ്ചും ആറും ഏഴും എട്ടും ഒമ്പതും പതിപ്പുകള്‍. അതോ ആയിരവും രണ്ടായിരവും അയ്യായിരവും പ്രതികള്‍ വീതം. കേട്ടിട്ടു വിശ്വസിക്കാന്‍ വിഷമം. പക്ഷേ, ഇതത്ര വലിയൊരു കാര്യമോ? അതെ, ടി.ബി.സിക്കാര്‍ പ്രസാദിക്കാത്തൊരു മലയാള കവിതയെ സംബന്ധിച്ചിടത്തോളം വളരെ വലിയൊരു കാര്യം തന്നെയാണ്. അതിന്റെ പ്രതികള്‍ മധുരനാരങ്ങപോലെ വിറ്റഴിയുന്നുവെങ്കില്‍ തക്ക കാരണമുണ്ടായിരിക്കണം. അകത്തും പുറത്തും ഒന്നുപോലെ.”
ചങ്ങമ്പുഴയുടെ രമണന് എഴുതിയ അവതാരികയില്‍ മുണ്ടശ്ശേരി മാസ്റ്റര്‍ നിരീക്ഷിച്ചതാണ് മേലുദ്ധരിച്ചത്. മുണ്ടശ്ശേരി മാസ്റ്റര്‍ ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലിനെക്കുറിച്ച് എന്തുപറയുമായിരുന്നു എന്നൂഹിക്കാനുള്ള സ്വാതന്ത്ര്യം വായനക്കാര്‍ക്ക് വിടുന്നു. എങ്കിലും നോവലിന്റെ രജതജൂബിലി വേളയില്‍ അതിന്റെ സ്ഥിതിവിവരക്കണക്കുകള്‍ ഇങ്ങനെയാണ്.
114 പതിപ്പുകള്‍, മൂന്നരലക്ഷം കോപ്പികള്‍, തമിഴ്, തെലുങ്ക്, കന്നട, ഗുജറാത്തി ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ ഭാഷകളില്‍ ഇതിനോടകം വിവര്‍ത്തനം വന്നുകഴിഞ്ഞു. കൂടാതെ അറബി, ഇംഗ്ലീഷ്, ജര്‍മന്‍, ടര്‍ക്കിഷ്, ഈജിപ്ഷ്യന്‍ ഭാഷകളില്‍ പതിപ്പുകള്‍. മൂന്ന് യൂണിവേഴ്‌സിറ്റികളില്‍ പാഠപുസ്തകം. വയലാര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍. നോവലിലെ കേന്ദ്രകഥാപാത്രമായ ദസ്തയേവ്‌സ്‌കിയുടെ റഷ്യന്‍ ഭാഷയിലുള്ള പതിപ്പ് ഉടന്‍ പുറത്തിറങ്ങും. അതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. അതോടൊപ്പം ഈ നോവല്‍ പുറത്തുവന്നപ്പോള്‍ എസ്.കെ.വസന്തന്‍ ഭാഷാപോഷിണിയില്‍ എഴുതിയത് യാഥാര്‍ത്ഥ്യമാവുകയാണ്. ഞാനുദ്ധരിയ്ക്കട്ടെ ”ഇത് ആരെങ്കിലും റഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നുവെങ്കില്‍…കഴിഞ്ഞ നൂറ്റാണ്ടിലെ ആ ഋഷിക്ക് ഈ നൂറ്റാണ്ടിലെ ഒരു മലയാളി സാദരം, സവിനയം നല്‍കുന്ന ഗുരുദക്ഷിണയായി ഇത് അംഗീകരിക്കപ്പെട്ടുവെങ്കില്‍…”
അംഗീകാരങ്ങള്‍ ഹൃദയത്തിനുമേല്‍ കയ്യൊപ്പ് ചാര്‍ത്തിക്കൊണ്ട് നോവല്‍ അതിന്റെ ജൈത്രയാത്ര തുടരുമ്പോള്‍, കഴിഞ്ഞ ദിവസം പെരുമ്പടവം വീട്ടില്‍ അദ്ദേഹവുമായി ഒരു സായാഹ്നം ചിലവഴിയ്ക്കാന്‍ ഭാഗ്യം കിട്ടിയപ്പോള്‍ പങ്കുവെയ്ക്കപ്പെട്ട ഒരനുഭവം ഇങ്ങനെ:
”റോമില്‍ സിസ്റ്റീന്‍ ചാപ്പലിനടുത്തെ ഒരു കല്‍ബെഞ്ചിലിരിക്കുകയായായിരുന്നു ഞാന്‍. തൊട്ടടുത്ത് ഒരു സ്ത്രീ ഇരിക്കുന്നുണ്ട്. ഞാനിരുന്നയുടനെ അവര്‍ അപ്പുറത്തുനിന്ന മകനെ വിളിച്ചിട്ട് നീ എന്തിനാണ് എഴുന്നേറ്റുപോയതെന്ന് അവനെ ശാസിച്ചു. കുട്ടി എഴുന്നേറ്റുപോയ സ്ഥാനത്താണ് ഞാനിരിക്കുന്നത്. ‘സഹോദരീ ഞാനും ഒരു മലയാളിയാണ്, കുട്ടിയെ ഇവിടെ ഇരുത്തിക്കൊള്ളൂ’ എന്ന് ഞാന്‍ പറഞ്ഞു. അവരുടെ മുഖം വിളറി. ഇല്ല സാറിവിടെ ഇരിയ്ക്കൂ എന്ന് പറഞ്ഞ് അവര്‍ നിര്‍ബന്ധിച്ചു. അപ്പുറത്ത് അവരുടെ ഭര്‍ത്താവ് ഉണ്ടായിരുന്നു. അദ്ദേഹം ഉടന്‍ ബാഗില്‍ നിന്നും ഒരു പുസ്തകമെടുക്കുകയും എന്നെ സംശയത്തോടെ നോക്കിക്കൊണ്ട് അടുത്തുവന്ന് പെരുമ്പടവമല്ലേയെന്ന് ചോദിച്ചു. ഞാനും അത്ഭുതപ്പെട്ടു. പുസ്തകത്തില്‍ എന്റെ കയ്യൊപ്പ് വാങ്ങിയാണ് ആ കുടുംബം യാത്ര പറഞ്ഞത്.”
ഇത്തരം എത്രയെത്ര അനുഭവങ്ങള്‍.
വായിച്ചും, പറഞ്ഞും, ചര്‍ച്ച ചെയ്തും മലയാളത്തിന്റെ ഇതിഹാസമായി സങ്കീര്‍ത്തനം മാറിയിരിക്കുന്നു. ഞാനാക്കൈവിലരുകളില്‍ ചുംബിച്ചു. അമ്പരപ്പിക്കുന്ന ഭാഷകൊണ്ട് നമ്മെയെല്ലാം വിസ്മയിപ്പിച്ച ആ മാന്ത്രിക വിരലുകള്‍.
ഞാന്‍ വെറുതേ ചോദിച്ചു. ഈ നോവലില്‍ ഏതെങ്കിലും ഭാഗം തിരുത്തിയെഴുതണമെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ എന്ന്. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ”നോവല്‍ എഴുതിയ ശേഷം കയ്യെഴുത്തുപ്രതി ഞാന്‍ ആദ്യം കാണിച്ചത് ഗുരുസ്ഥാനീയനായ കെ.സുരേന്ദ്രന്‍ സാറിനെയാണ്. ‘ഇറ്റ്‌സ് എ ഗ്രേറ്റ് വര്‍ക്ക്’ എന്ന് പറഞ്ഞാണ് അദ്ദേഹം അതിനെ അഭിനന്ദിച്ചത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം തിരുത്തിയത് ‘യോജന’ എന്ന ഒറ്റവാക്ക് മാത്രമാണ്. ‘യോജന’ എന്ന വാക്കുമാറ്റി ‘നാഴിക’ എന്നാക്കി. ഒരൊറ്റ മാറ്റം മാത്രം.”
ഞങ്ങള്‍ വീണ്ടും പലതും സംസാരിച്ചിരുന്നു. സന്തോഷങ്ങള്‍ക്കിടയിലും ഒരു വിഷാദച്ഛവി പെരുമ്പടവത്തിന്റെ മുഖത്ത് ഞാന്‍ വായിച്ചെടുത്തു. എന്റെ ചോദ്യത്തിനുമുമ്പേ അദ്ദേഹം പറഞ്ഞുതുടങ്ങി. ‘ഭാര്യയായിരുന്നു എന്റെ എല്ലാം. എന്റെ കാമുകിയും, സുഹൃത്തും, അമ്മയുമെല്ലാം. ഞങ്ങള്‍ ഒന്നിച്ച് ദാരിദ്ര്യം ആഘോഷിക്കുകയും സഹനങ്ങളില്‍ സന്തോഷിക്കുകയും ചെയ്തു. ഇല്ലായ്മയുടെ ആ കടുത്തകാലങ്ങള്‍ ഞങ്ങളുടെ പ്രണയത്തെ കൂടുതല്‍ മധുരമുള്ളതാക്കി. ഈ വീടു നിറയെ അവളാണ്. അവളുടെ ഓര്‍മ്മകളില്‍ ഞാന്‍ ഒറ്റപ്പെട്ടിരിക്കുന്നു.’
1964 ന്റെ ഒടുവില്‍ പെരുമ്പടവവും ഭാര്യ ലൈലയും രണ്ടു കൈക്കുഞ്ഞുങ്ങളുമായി തിരുവനന്തപുരം നഗരത്തിലെത്തി. അന്നം തേടിയുള്ള പ്രയാണം എന്നു പറയുന്നതാവും കൂടുതല്‍ ശരി. കയ്യില്‍ അഭയത്തിന്റെ കയ്യെഴുത്തുപ്രതി മാത്രം. പെരുമ്പടവം പോലുമറിയാതെ ഭാര്യ അയച്ചുകൊടുത്ത അഭയം കേരളശബ്ദം നോവല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുകയുണ്ടായി. ആയിരം രൂപയായിരുന്നു സമ്മാനം. പിന്നീടത് സിനിമയായി. അഭയമെന്ന നോവല്‍ യഥാര്‍ത്ഥത്തില്‍ പെരുമ്പടവത്തിനും കുടുംബത്തിനും അഭയമായിത്തീരുകയായിരുന്നു.
പെരുമ്പടവം വീടിന്റെ മുറ്റത്ത് ഭാര്യ നട്ട വരിയ്ക്കപ്ലാവിന്റെ ഇലകളില്‍ കാറ്റ് മുത്തമിടുന്നതു നോക്കി പെരുമ്പടവമിരിക്കുന്നു. ഈ പ്ലാവ് കന്നി കായ്ക്കുന്നതിനു മുമ്പേ അവള്‍ പോയി. പെരുമ്പടവം വിതുമ്പുകയായിരുന്നു. മൗനത്തിന്റെ കുറേ നിമിഷങ്ങള്‍… തൊട്ടടുത്ത കരിങ്കല്‍ ക്വാറിയിലെ ശബ്ദം ഞങ്ങള്‍ക്കിടയിലെ നിശബ്ദതയേയും ഉടച്ചുകളഞ്ഞു. എന്റെ മുന്നില്‍ ഒരവധൂതനേപ്പോലെ പെരുമ്പടവം. ഒരുവേള ദസ്തയേവ്‌സ്‌ക്കിയുടെ മുന്നിലാണോ ഞാനിരിക്കുന്നത് എന്നെനിക്കു തോന്നിപ്പോയി.
നോവലിലൊരിടത്ത് അന്നയോട് ദസ്തയേവേസ്‌ക്കി ചോദിക്കുന്നു. ”കുറേനാള്‍ മുമ്പാണ്, ഞാനെന്റെ ഹൃദയം പൂട്ടി താക്കോല്‍ എവിടെയോ വലിച്ചെറിഞ്ഞു. ഇപ്പോള്‍ ഓര്‍ക്കുന്നില്ല അതെവിടെയാണെന്ന്. എവിടെയെങ്കിലും കിടന്ന് നിനക്ക് കിട്ടിയോ അത്? എന്റെ ഹൃദയത്തിന്റെ താക്കോലും കൊണ്ടാണോ നീ വന്നിരിക്കുന്നത്.? ”
തീര്‍ച്ചയായും മലയാളിയുടെ ഹൃദയത്തിന്റെ താക്കോല്‍ പെരുമ്പടവത്തിന്റെ പക്കല്‍ ഭദ്രമായുണ്ട്. ടാഗോര്‍ കാളിദാസനേക്കുറിച്ച് പറഞ്ഞതുപോലെ ”അങ്ങു ജീവിതസമുദ്രം കടഞ്ഞുകിട്ടിയ കാളകൂടത്തെ സ്വയം പാനം ചെയ്തു. അതില്‍ നിന്നുയര്‍ന്ന അമൃതിനെയാകട്ടെ നീളേ ദാനം ചെയ്തു.”
നാലാം വയസ്സില്‍ അച്ഛന്‍ മരിച്ച കുട്ടി. അമ്മയുടെ സംരക്ഷണയില്‍ വളര്‍ന്ന് വ്യഥയുടെ ജീവിതസമുദ്രം കടഞ്ഞുകിട്ടിയ വിഷം സ്വയം പാനം ചെയ്ത് നമുക്ക് അമൃതസമാനമായ കൃതികള്‍ സമ്മാനിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ഒരാളുടെ വ്യഥയ്ക്കു തുല്യമായി മറ്റൊന്നുമില്ല എന്ന തിരിച്ചറിവോടെ നമ്മെ വിസ്മയിപ്പിക്കുന്ന രചനകള്‍ നടത്തുന്ന പെരുമ്പടവം തന്നെയല്ലേ മലയാളിയുടെ ഹൃദയത്തിന്റെ താക്കോല്‍ സൂക്ഷിക്കാന്‍ ഏറ്റവും അര്‍ഹന്‍?

”നേവാനദി നിലാവില്‍ ഒരു സ്വപ്‌നം പോലെ തോന്നിപ്പിക്കുന്നു. ഏതോ ഹൃദയത്തില്‍ നിറഞ്ഞ നിശബ്ദമായ ഒരു സങ്കീര്‍ത്തനം പോലെ ആകാശം”. (ഒരു സങ്കീര്‍ത്തനം പോലെ-നോവലില്‍ നിന്ന്)
അനിയന്‍ അവര്‍മ
ഫോണ്‍: 9447125584

You must be logged in to post a comment Login