ഒരുപാട് ക്യാപ്റ്റന്മാരുടെ പ്രയത്‌നം തന്നിലൂടെ പൂര്‍ത്തിയായതില്‍ സന്തോഷമെന്ന് സച്ചിന്‍ ബേബി

 

റോത്തക്ക് : രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം ഒരുപാട് മുന്‍ ക്യാപ്റ്റന്‍മാരുടെ സ്വപ്‌നമായിരുന്നുവെന്നും അതു തന്നിലൂടെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി. റോത്തക്കില്‍ ഹരിയാണക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്നിങ്‌സ് വിജയം സ്വന്തമാക്കിയശേഷം പ്രതികരിക്കുകയായിരുന്നു സച്ചിന്‍ ബേബി.

ഒരുപാട് ക്യാപ്റ്റന്‍മാര്‍ ഇങ്ങിനെയൊരു സ്വപ്നത്തിനായി പ്രയത്‌നിച്ചു. അത് എന്നിലൂടെ പൂര്‍ത്തിയായെന്നു മാത്രം. ഗ്രൂപ്പില്‍ ശക്തരായ എതിരാളികളായതിനാല്‍ ഒരു മത്സരവും എളുപ്പമായിരുന്നില്ല. എന്നാല്‍ ബൗളര്‍മാര്‍ സാഹചര്യം മനസ്സിലാക്കി കളിച്ചുവെന്നും സച്ചിന്‍ പറയുന്നു.

ഹരിയാണയിലെ ലാഹ്‌ലി സ്റ്റേഡിയത്തിലെ പിച്ച് പേസ് ബൗളിങ്ങിനെ പിന്തുണയ്ക്കുന്നതായിരുന്നുവെന്നും കേരളത്തിന്റെ പേസ് ബൗളര്‍മാര്‍ അതിനനുസരിച്ച് കളിച്ചുവെന്നും സച്ചിന്‍ പ്രതികരിച്ചു.

ഹരിയാണക്കെതിരെ ജലജ് സക്‌നേയും രോഹന്‍ പ്രേമും തമ്മിലുള്ള ബാറ്റിങ് കൂട്ടുകെട്ടാണ് ഇന്നിങ്‌സില്‍ നിര്‍ണായകമായത്. സാധാരണ ലാഹ്‌ലിയിലെ പിച്ചില്‍ ആദ്യം ബാറ്റു ചെയ്ത ടീമിനാണ് മുന്‍തൂക്കമുണ്ടാകാറുള്ളത്. എന്നാല്‍ രണ്ടാമത് ബാറ്റു ചെയ്ത് ഒരു മികച്ച സ്‌കോര്‍ നമുക്കുണ്ടാക്കാന്‍ കഴിഞ്ഞത് നിര്‍ണായകമായി സച്ചിന്‍ ചൂണ്ടിക്കാട്ടി.

ഡേവ് വാട്ട്‌മോര്‍ എല്ലാ പിന്തുണയും നല്‍കുന്ന പരിശീലകനാണ്. എല്ലാവര്‍ക്കും അവരുടേതായ രീതിയില്‍ കളിക്കാന്‍ സ്വാതന്ത്ര്യം നല്‍കാറുണ്ട്. ക്യാപ്റ്റനെന്ന നിലയിലുള്ള എന്റെ ജോലിയില്‍ ഇടപെടാറില്ല സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

ഹരിയാനയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്നിങ്‌സിനും എട്ട് റണ്‍സിനുമാണ് കേരളത്തിന്റെ ജയം. സീസണിലെ അഞ്ചാം ജയത്തിലൂടെ ഇതോടെ കേരളം 31 പോയിന്റുകള്‍ സ്വന്തമാക്കി. രഞ്ജി ട്രോഫി ചരിത്രത്തില്‍ ആദ്യമായിട്ടാണ് കേരളം ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്നത്.

You must be logged in to post a comment Login